വിനായകൻ ഇവിടെത്തന്നെയുണ്ട്, മമ്മൂക്കയാണ് അയാളെ ചേർത്ത് പിടിച്ചിരിക്കുന്നത്; അയാളെ ആട്ടിയോടിക്കാൻ വന്ന സിനിമയിലെ തമ്പ്രാക്കന്മാർ ഇന്നെവിടെയാണ്??
കുട്ടികളെ അധികം വഴക്ക് പറയാതെ, അവരുടെ ചെറിയ തെറ്റുകൾ കണ്ടില്ലെന്ന് നടിച്ച്, അവരുടെ ചില ചെറിയ നല്ല വശങ്ങളെ പുകഴ്ത്തി പറഞ്ഞ്, സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന ചില ഹെഡ്മാസ്റ്റർമാരുണ്ട്. നാട് നീളെ നടന്ന പെണ്ണുപിടിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും, അവന്റെ ഹെഡ്മാസ്റ്റർ ഷാഫിയുടെയും കാര്യമല്ല ഇത്.
നാളെ റിലീസിന് തയ്യാറാകുന്ന കളംകാവൽ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ വിനായകനെ ചേർത്ത് നിർത്തിയ മമ്മൂട്ടിയുടെ കാര്യമാണിത്. മലയാളസിനിമയിലെ ഇപ്പോളത്തെ ഹെഡ് മാസ്റ്ററായ മമ്മൂക്ക സ്നേഹപൂർവ്വം ചേർത്ത് നിർത്തിയപ്പോൾ വിനായകൻ ഒരു കടലിൽ മുങ്ങിത്താഴുന്നത് പോലെ ആയിരുന്നു. വാക്കുകൾ കിട്ടാതെ അയാൾ മനസ്സിൽ വിങ്ങുന്നുണ്ടായിരുന്നു.
അപ്പോൾ മമ്മൂക്ക കാണിച്ചത് പോലെ ഒരു കരുതലോ സ്നേഹമോ അയാൾക്ക് ആരും കൊടുത്തിട്ടില്ല. ഒരു വേദിയിലും, ഒരു സിനിമ താരം തന്നെ ഇങ്ങനെ, തോളിൽ കയ്യിട്ട് കൂടെ നിർത്തില്ല എന്നാകും ആ നിമിഷം വരെ വിനായകൻ ചിന്തിച്ചത്.
ശരിക്കും സ്കൂളിൽ കച്ചറ ഉണ്ടാക്കി നടന്ന ഒരു കുട്ടി, അച്ചടക്കത്തോടെ, വിനയത്തോടെ, സ്നേഹത്തോടെ ഹെഡ്മാസ്റ്ററുടെ അരികിൽ നിൽക്കുന്നത് ഒരു അപൂർവ്വ കാഴ്ച തന്നെയായിരുന്നു.
വളരെ സന്തോഷത്തോടെ വേദിയിലേക്ക് ക്ഷണിച്ച ശേഷം മമ്മൂട്ടി മൈക്ക് വിനായകന് കൊടുത്തപ്പോൾ . ‘എനിക്ക് സംസാരിക്കാൻ അറിയില്ല എന്നാണ് അയാൾ പറഞ്ഞത്. എന്നാൽ ‘സംസാരിക്കാൻ അറിയില്ലെങ്കിലും നന്നായിട്ട് അഭിനയിക്കാനറിയാം’, എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
വിനായകൻ ഒരുപാട് കുസൃതികൾ കാണിക്കുമെങ്കിലും ഒരു വാത്സല്യം ഇയാളുടെ സിനിമകൾ കാണുമ്പോൾ നമുക്ക് തോന്നിപ്പോകും . സിനിമ കാണുമ്പോ ഇത് നമ്മളല്ലാതെ കാണുന്ന വിനായകനാണോ എന്ന് തോന്നും. പക്ഷേ അല്ലാതെ കാണുന്ന വിനായകൻ ഇതിനേക്കാളും നല്ലതാ. നമ്മൾ അത് ശരിക്ക് കാണാഞ്ഞിട്ടാ എന്ന് മമ്മൂട്ടി പറയുമ്പോൾ ആളുകളെ നോക്കാതെ പിന്നിലേക്ക് മാറുന്ന വിനായകനെയാണ് അവിടെ കാണാൻ കഴിയുക.
വിനായകനെ മനസ്സിലാക്കുന്നവർക്ക് അയാളെ കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാകും. മമ്മൂട്ടി അയാളെ മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. മലയാള സിനിമയിലെ ഏതെങ്കിലും ഒരു നടനെ പറ്റി മമ്മൂട്ടി ഒരു പൊതുവേദിയിൽ ഇങ്ങനെ സംസാരിച്ചു കണ്ടിട്ടില്ല.
വെരി ഡിസിപ്ലിൻഡ് ആക്ടർ എന്ന് മമ്മൂട്ടി പറയുമ്പോൾ, തീർച്ചയായും വിനായകൻ അങ്ങനെ തന്നെയാണ്. മമ്മൂട്ടി തന്നെയാണ് ആ സിനിമയിലെ ആരും കൊതിക്കുന്ന നായക വേഷം വിനായകന് വേണ്ടി മാറ്റിവച്ചത്. മമ്മൂട്ടിയുടെ വിനായകനെ കുറിച്ചുള്ള ഈ തുറന്ന് പറച്ചിൽ മലയാള സിനിമയെ അടക്കി ഭരിക്കാൻ ശ്രമിച്ചിരുന്ന ഒരു ലോബിക്ക് നേരെയുള്ള മുന്നറിയിപ്പ് കൂടിയാണ്.
വിനായകൻ്റെ ഏറ് എൻ്റെ ശരീരത്തിൽ കൊള്ളില്ല. അതിന് അവന് ഈ ജന്മവും മതിയാവില്ല” എന്നു പറഞ്ഞ മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിനായകൻ നായകനായി മമ്മൂട്ടിയുടെ ഒപ്പം നിൽക്കുന്നത് രഞ്ജിത്തിന് കാണേണ്ടി വന്നു എന്നതും കാലത്തിന്റെ ഒരു കാവ്യനീതിയാണ്.
ഞാനുള്ളപ്പോൾ വിനായകനെ, അമ്മ സംഘടനയുടെ അയലത്ത് പോലും അടുപ്പിക്കില്ല എന്ന് വീമ്പിളക്കിയ ഇടവേള ബാബു സിനിമക്ക് വേണ്ടാത്ത വേസ്റ്റ് ആയി മാറിയിരിക്കുന്നു. ‘അമ്മ എന്ന സംഘടനാ പോലും നാണം കെട്ട് നിൽക്കുന്ന അവസ്ഥയാണിപ്പോൾ.
യഥാർത്ഥ ജീവിതത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ നടനാണ് ഈ സിനിമയിൽ അഭിനയിക്കുന്ന ജിബിൻ ഗോപിനാഥ്. വിനായകൻ പൊലീസിന്റെ കൃത്യമായ ബോഡി ലാംഗ്വേജ് ചെയ്യുന്നത് കണ്ട് ഞെട്ടി എന്നാണ് ജിബിൻ പറയുന്നത്. ഇതെങ്ങനെ പഠിച്ചതെന്ന് ചോദിച്ചപ്പോൾ വിനായകൻ നൽകിയ മറുപടി താൻ സ്ഥിരമായി സ്റ്റേഷനിൽ കയറിട്ടുണ്ടെന്നും അവിടുന്നാണ് പൊലീസുകാരുടെ ബോഡി ലാംഗ്വേജ് പഠിച്ചതെന്നും ആണ്.
എനിക്ക് രണ്ട് വീടാണല്ലോ എറണാകുളത്ത് ഒന്ന് എന്റെ വീടും, പിന്നെ സെൻട്രൽ പോലീസ് സ്റ്റേഷനും.ഇപ്പോഴാണ്, ഞാൻ കസബയിലേക്ക് മാറിയത്. മുമ്പ് ഞാൻ സെൻട്രൽ പോലീസ് സ്റ്റേഷനിൽ ആയിരുന്നു. അവിടുത്തെ മകനായിരുന്നു ഞാൻ. ഞാനാണ് അവിടെത്തെ ഫയൽ ഒക്കെ ക്ലീൻ ചെയ്തിരുന്നത്. പിന്നീടാണ് ഞാൻ കസബയിലേക്ക് മാറിയത്. ഈ ജനമൈത്രിയാണ് ഏറ്റവും കൂടുതൽ പണി തന്നത്. അവർ ജനമൈത്രി എന്ന് പറഞ്ഞു, പക്ഷേ ജനമൈത്രി അല്ല. – ഇതാണ് വിനായകൻ പറഞ്ഞത്.
പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്ന് പറയാൻ മടിക്കും. പക്ഷേ വിനായകൻ സിനിമയിൽ ക്യാമറക്ക് മുന്നിൽ മാത്രമേ അഭിനയിക്കാറുള്ളൂ. ജീവിതവും,സിനിമയും അയാൾക്ക് രണ്ടാണ്.
ഒറ്റയ്ക്ക് വഴിവെ ട്ടി വന്നവൻ തന്നെയാണ് വിനായകൻ.
അയായുടെ ഓരോ പ്രവർത്തികളും എടുത്ത് പറഞ്ഞ് ആളുകൾ പുറകെ നടന്ന അവഹേളിക്കുന്നുണ്ട്. എന്നാൽ അത്തരം പ്രവർത്തികൾ അയാളെക്കൊണ്ട് ചെയ്യിക്കുന്നത് പ്രകോപനം ഉണ്ടാക്കി തന്നെയാണ്. ആരെങ്കിലും പുറകെ നടന്ന അപമാനിക്കുമ്പോൾ പ്രതികരിക്കാതെ ഇരിക്കാൻ വിനായകൻ ഒരു സാത്വികൻ ഒന്നുമല്ല. അയാൾ ചെറുപ്പത്തിൽ എങ്ങനെയാണോ പ്രതികരിച്ചത്, അതേപോലെ തന്നെ പ്രതികരിക്കും.
എറണാകുളത്തെ ഒരു ചേരിപ്രദേശത്തുനിന്ന്, സിനിമയിൽ വന്ന് തിളങ്ങി നിൽക്കുമ്പോൾ, തമിഴ് സിനിമയിൽ നിന്ന് പോലും വിനായകൻ കാശ് വാരുമ്പോൾ ചിലർക്ക് അത് ഇഷ്ടപ്പെടുന്നില്ല. അത്തരക്കാരുടെ ചൊറിച്ചിൽ ഒഴിവാക്കാൻ തന്നെയാണ് വിനായകൻ പൊതുവേദികളിൽ വരാത്തതും, വേറെ സ്ഥലത്ത് പോയി
താമസിക്കുന്നതും.
വിനായകൻ അസാധ്യ കാലിബറുള്ള ഒരു നടനാണ്. ഒരു കൂട്ടം ആളുകൾ വിചാരിച്ചാൽ ഇല്ലാതാവുന്നതല്ല അയാളിലെ പ്രതിഭ. അയാളെ വേണ്ടാത്തവർക്ക് അകന്നു നിൽക്കാം. പുറകെ നടന്ന് കുറ്റപ്പെടുത്തരുത്. മമ്മൂട്ടി മാത്രമല്ല, അയാളെ അറിയുന്നവർ ഇനിയുമുണ്ടാകും. അവരൊക്കെ അയാളെ ചേർത്ത് പിടിക്കുകയും ചെയ്യും.













