രാഹുലിൻറെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചത് BNS 28 ആം വകുപ്പിൽ ; പബ്ലിക് പ്രോസിക്യൂട്ടർ ടി. ഗീനാകുമാരിയുടെ ആ വജ്രായുധത്തിൽ ജാമ്യാപേക്ഷ തള്ളി
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹർജിയും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് ആണ് രാഹുലിനെ ചവിട്ടി പുറത്താക്കാൻ കോൺഗ്രസിലെ നേതാക്കൾക്ക് ധൈര്യം നൽകിയത്. രാഹുലിനെ കോടതി വിധി വരും വരെ പാർട്ടിയിൽ നിന്നും പുറത്താക്കാതിരുന്ന നേതൃത്വത്തിന്, വിധി വന്നതോടെ പുറത്താക്കേണ്ടി വന്നതും നാണക്കേടായിട്ടുണ്ട്.
ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലും ശ്രദ്ധേയമാണ്. മാങ്കൂട്ടത്തിലിന് എതിരായ തെളിവുകൾ കൃത്യമായി കോടതി മുൻപാകെ അവതരിപ്പിച്ചത് ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായ ടി ഗീനാകുമാരിയാണ്.
പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിലായിരുന്നു വാദ പ്രതിവാദങ്ങൾ നടന്നിരുന്നത്. പ്രതിഭാഗം ഹാജരാക്കിയ എല്ലാ തെളിവുകളെയും അപ്രസക്തമാക്കുന്ന തെളിവുകളും വാദമുഖങ്ങളുമാണ് പൊലീസിന് വേണ്ടി ഗീനാകുമാരി നിരത്തിയത്.
രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യഹർജിയിൽ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിഭാഗം വാദിച്ചു. ലൈംഗികബന്ധവും ഗർഭച്ഛിദ്രവും നടന്നത് ഇരുകക്ഷികളുടെയും സമ്മതത്തോടെയാണെന്നു പിന്നീട് മാറ്റിപ്പറഞ്ഞു. എന്നാൽ, യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണത്തിന്റെ ഡിജിറ്റൽ തെളിവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഗീനാകുമാരി ജാമ്യത്തെ എതിർത്തു.
പ്രതിഭാഗത്തിനുവേണ്ടി സീനിയർ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാറാണ് ഹാജരായത്.
മറ്റൊരു യുവതിയും പരാതി നൽകിയിട്ടുണ്ട് എന്ന് പ്രോസിക്യൂട്ടർ പറഞ്ഞപ്പോൾ, അത് നാഥനില്ലാത്ത പരാതിയെക്കുറിച്ചാണ് എന്നാണ് പ്രതിഭാഗം വക്കീൽ പറഞ്ഞത്. എന്നാൽ കെപിസിസി അധ്യക്ഷൻ പോലീസിനു കൈമാറിയതാണ് ആ പരാതി. എംഎൽഎയും പൊതുപ്രവർത്തകനുമാണ് അദ്ദേഹം എന്ന ഗീനാകുമാരിയുടെ മറുപടിക്ക് മുന്നിൽ ആ ചോദ്യവും അവസാനിച്ചു.
വിവാദമായ കേസിൽ യുവതി എന്തുകൊണ്ട് പരാതി ഇത്രയും വൈകിച്ചു? ഉഭയ കക്ഷിബന്ധത്തോടെയാണ് ലൈംഗികബന്ധവും ഗർഭച്ഛിദ്രവും നടന്നത്, അതിനാൽ, ബലാത്സംഗമെന്നു പറയാനാവില്ല എന്നായിരുന്നു അടുത്ത വാദം.
അടുപ്പം നടിച്ചും കൂടെയുണ്ടാവുമെന്നും വ്യാജവാഗ്ദാനം നൽകിയും യുവതിയെ ബലാത്സംഗം ചെയ്തു. ഗർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ സമ്മർദത്തിലാക്കി. ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചതിനു തെളിവുണ്ട്. ഭാരതീയ ന്യായസംഹിതയിലെ 28-ാം വകുപ്പനുസരിച്ച്
‘ഭീതിമൂലമുള്ള സമ്മതം സ്വമേധയാ ആണെന്ന് പറയാനാവില്ല എന്ന പ്രോസിക്യൂട്ടറുടെ മറുപടിയോടെ പ്രതിഭാഗം ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി തള്ളിക്കളഞഞ കൊണ്ട്, രാഹുലിനെതിരെ പ്രഥമ ദൃഷ്ട്യാ ബലാത്സംഗ ക്കുറ്റം നിലനിൽക്കും എന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്.
ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സകല പ്രതീക്ഷകളും തല്ലിക്കെടുത്തുന്ന വിധി തന്നെയാണ് ഇന്നലെ ഉണ്ടായത്. കോൺഗ്രസിലെ തന്നെ കൂടുതൽ യുവതികൾ പരസ്യമായി കാര്യങ്ങൾ പറയുന്ന സാഹചര്യം, മറ്റൊരു പ്രതിസന്ധിയിലേക്കാണ് കോൺഗ്രസിനെ ഇപ്പോൾ കൊണ്ടുപോകുന്നത്.
പ്രോസിക്യൂട്ടർ ഗീനാകുമാരി പ്രമാദമായ ഒട്ടേറെ കേസുകൾ വാദിച്ച ആളുമാണ്. എസ്എഫ്ഐ യുടെ പഴയ നേതാവ്, കൂത്തുപറമ്പ് കേസിൽ അന്നത്തെ സർക്കാരിനെ വിറപ്പിച്ച സമരനായിക കൂടെയാണ്. നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യമായി പിഎച്ഡി നേടിയ വ്യക്തിയുമാണ് ഗീനകുമാരി.
90കളുടെ തുടക്കത്തിൽ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചു. തുടർന്ന് കേരള ലോ അക്കാദമിയിൽ നിന്ന് എൽഎൽബിയും കേരള സർവകലാശാലയിൽ നിന്നുതന്നെ എൽഎൽഎമ്മും നേടി.
1993ൽ യൂണിവേഴ്സിറ്റി യൂണിഫൈഡ് ആക്റ്റിനെതിരെയും, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ് കാര്യവട്ടത്തേക്ക് മാറ്റുന്നതിനെതിരെയും സമരം ചെയ്തവരിൽ പ്രധാനിയായിരുന്നു ഗീന. സമരത്തിൽ ഗീനയ്ക്ക് പരിക്ക് പറ്റുകയും വലതുകൈ ഒടിയുകയും ചെയ്തു. 1994ൽ കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത ഗീനയ്ക്കു പൊലീസ് മർദ്ദനമേറ്റിരുന്നു.
2021 ൽ തിരുവനന്തപുരം പോത്തൻകോട് സുധീഷ് എന്ന 32കാരനെ 11 പേര് ചേർന്ന് കൊലപ്പെടുത്തിയ കേസിൽ, ഗീനാകുമാരി ആയിരുന്നു ജില്ലാ ഗവണ്മെന്റ് പ്ലീഡർ. നാല് വർഷത്തോളം നീണ്ടുനിന്ന വാദത്തിനിടയിൽ 84 ഓളം ദൃക്സാക്ഷികളെ വിചാരണ ചെയ്തിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ആ കേസിൽ പ്രതികളായ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. 2020ലെ വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകവും വാദി ഭാഗത്തിനുവേണ്ടി വാദിച്ചത് ഗീനയാണ്.
ഏറ്റവുമൊടുവിൽ നവംബർ 29 നു വിധി വന്ന മനോരമ വധകേസിലും, അഭിഭാഷകയായി എത്തിയത് ഗീനാകുമാരി തന്നെ. പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയ്ക്ക് ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം വഞ്ചിയൂർ അതിവേഗ കോടതി നൽകിയത്.
ഈ കേസിൽ രാഹുലിന്റെ എല്ലാ പ്രതീക്ഷകളും തകർത്തത് പ്രോസിക്യൂട്ടർ ഗീനാകുമാരി എടുത്ത് പറഞ്ഞ ഭാരതീയ ന്യായസംഹിതയിലെ 28-ാം വകുപ്പാണ്. അതോടെ വാദങ്ങൾ തീർന്നു. ജാമ്യഅപേക്ഷയും തള്ളി.












