ഗ്രൗണ്ടിൽ വെള്ളം കൊടുക്കാനായിട്ട് സഞ്ജു സാംസൺ ടീമിൽ എന്തിനാ?? ഇനിയും ചാൻസില്ലെങ്കിൽ വിരമിക്കണമെന്ന് ആരാധകർ
ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു തഴയപ്പെടുമ്പോഴെല്ലാം ചര്ച്ചകളുമുണ്ടാവാറുണ്ട്. മലയാളികൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം അത് ചർച്ചയാകുന്നത് ബിസിസിഐ തലപ്പത്തുള്ളവർക്ക് അത്രക്ക് ദഹിക്കുന്നുമില്ല.
ഇപ്പോൾ ടി20 ടീമിലേക്കു വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയ നിമിഷം മുതല്‍ സഞ്ജുവിന്റെ വിധി ഏതാണ് തീരുമാനമായി എന്നാണ് മുൻ ക്രിക്കറ്റ് താരം ആർ അശ്വിൻ പറയുന്നത്. ഇനി ടീമിൽ കയറിയാലും പ്ലെയിങ് ഇലവനിൽ സ്ഥാനം നേടുക എന്നത് ഏറെ ബുദ്ധിമുട്ട് ആണെന്ന് അശ്വിന് പറയുന്നു.
സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ സഞ്ജു സാംസണിനെ കളിപ്പിക്കുന്നുണ്ടെങ്കില്‍ അതു മൂന്നാം നമ്പറിലായിരിക്കണമെന്നും, അഞ്ചാം നമ്പറില്‍ ഇറങ്ങിയാല്‍ അദ്ദേഹത്തിന് ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചേക്കില്ലെന്നും അശ്വിൻ പറയുന്നു.
ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണ് അഞ്ചാം നമ്പറില്‍ വേണ്ടത്ര കളിച്ചിട്ടില്ല. ഫിനിഷറുടെ റോളിലുള്ള മിടുക്കു കാരണം ജിതേഷ് ശര്‍മ ടീമില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. റോയല്‍ ചാലഞ്ചഴ്സ് ബെംഗളുരുവില്‍ അദ്ദേഹം കളിച്ചതും ഈ റോളില്‍ തന്നെയാണ്.
അതുകൊണ്ട് സഞ്ജുവിനെ കളിപ്പിക്കുന്നുണ്ടെങ്കില്‍ മൂന്നാം നമ്പറില്‍ തന്നെ ഇറക്കണം, സ്പിന്നര്‍മാര്‍ക്കെതിരേ സഞ്ജു മികച്ച പ്രകടനം നടത്തുമെന്നും അശ്വിന് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പിലൂടെയാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു ശുഭ്മന്‍ ഗില്‍ തിരിച്ചുവിളിക്കപ്പെടുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തിയത്. പക്ഷെ ഓപ്പണിങ് റോളില്‍ ഗില്ലിന്റെ ഫ്ളോപ്പ് ഷോ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. തുടർച്ചയായ പരാജയങ്ങൾ കണ്ടില്ലെന്ന് നടിച്ച് ഗില്ലിനെ നില നിർത്തുമ്പോൾ തഴയപ്പെടുന്നത് സഞ്ജു സാംസൺ ആണ്.
ഈ വര്‍ഷം ഇതിനകം കളിച്ച 13 ഇന്നിങ്സുകളില്‍ ഒരു ഫിഫ്റ്റി പോലും ഗില്‍ നേടിയിട്ടില്ല. ദുർബലരായ യു എ ഇക്ക് എതിരെ 20, പാകിസ്താനെതിരെ 10, ചെറിയ ടീമായ ഒമാനെതിരെ 5, പാകിസ്താനെതിരെ 47, ബംഗ്ലാദേഷിനെതിരെ 29, ശ്രീലങ്കക്കെതിരെ 4 , വീണ്ടും പാകിസ്താനെതിരെ 12 റൺസ്.. ഇതാണ് ഏഷ്യാ കപ്പില്‍ ഗില്ലിന്റെ സ്കോറുകള്‍. തുടര്‍ന്നു ഓസ്ട്രലേിയക്കെതിരേ കളിച്ച ടി20 പരമ്പരയില്‍ നേടിയത് 37, 5, 15, 46 എന്നീ സ്കോറുകളാണ്.
എന്നിട്ടു ഓപ്പണർ റോളിൽ മികച്ച റെക്കോഡുള്ള സഞ്ജു സാംസൺ ബെഞ്ചിലിരിക്കുമ്പോൾ ഗില്ലിന് വെെസ് ക്യാപ്റ്റൻസിയടക്കം നൽകി കളിപ്പിക്കുന്നത് തെറ്റായ തീരുമാനമാണ്. ഇന്നലെയും ഗിൽ പൂജ്യത്തിന്, അതും ഗോൾഡൻ ഡക്കായാണ് പുറത്തായത്. അവസാനത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഭൂരിഭാഗം കളിയിലും പുറത്തിരുന്ന സഞ്ജു ഇപ്പോള്‍ സൗത്താഫ്രിക്കയ്ക്കെതിരേയും അവസരമില്ലാതെ വലയുകയാണ്.
2024 ൽ മൂന്ന് ടി 20 സെഞ്ച്വറികൾ നേടിയ സഞ്ജു സാംസൺ, അതും ബംഗ്ലാദേശിനെതിരെ 40 പന്തിൽ, സൗത്ത് ആഫ്രിക്കക്ക് എതിരെ 47 പന്തിലും മറ്റൊന്ന് 51 പന്തിലും. ഈ റെക്കോർഡുള്ള ഒരാളെ തഴഞ്ഞാണ് ഗില്ലിനെയും, ജിതേഷ് ശർമ്മയേയും ടീമിൽകയറ്റി വിടുന്നത്.
അതിനിടെ സഞ്ജുവിനെക്കുറിച്ച് ജിതേഷ് ശർമ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി. സഞ്ജു സാംസൺ എനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്നും ഇന്ത്യൻ ടീമിലിടം നേടാൻ ഞങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം മാത്രമാണ് ഉള്ളതെന്നും ജിതേഷ് പറഞ്ഞിരുന്നു.
എന്നാൽ, സഞ്ജു, ജിതേഷിനേക്കാൾ ചെറുപ്പമാണ് എന്നതാണ് സത്യം. ജിതേഷിന്റെ ജനന തീയതി 1993 ഒക്ടോബർ 22 ആണെങ്കിൽ, സഞ്ജുവിന്റേത് 1994 നവംബർ 11 ആണ്. ജിതേഷിന് ഇപ്പോൾ 32 വയസ്സും സഞ്ജുവിന് 31 വയസ്സും. സഞ്ജുവിന് പ്രായമായെങ്കിൽ ജിതേഷിന് അതി കൂടുതൽ ആയിരിക്കുന്നു.’
ടി 20 ലോകകപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ ടീമിൽ ചില മാറ്റങ്ങൾ അത്യാവശ്യമാണെന്ന് പറയാം. നിലവിൽ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും ചേർന്നാണ് ഇന്ത്യയുടെ ടി20 ഓപ്പൺ ചെയ്യുന്നത്. അഭിഷേക് ശർമയെ നിലനിർത്തുമ്പോൾ ഗില്ലിനെ മാറ്റി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
അതേപോലെ ശിവം ദുബൈ ടീമിൽ വരുമ്പോൾ പുറത്ത് പോകുന്നത് വിക്കറ്റ് വീഴ്ത്താൻ മിടുക്കനായ കുൽദീപ് യാദവാണ്. അതുകൊണ്ടുതന്നെ ചൈന മെൻ ബൗളറായ കുൽദീപിനെ ഇന്ത്യ മടക്കിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ബാറ്റിങ് ഓഡറിൽ ഇന്ത്യ അനാവശ്യ പരീക്ഷണങ്ങൾ നടത്തുന്നതും തോൽവിയുടെ കാരണമായി മാറുന്നുണ്ട്. ഇത് ഗംഭീർ അവസാനിപ്പിക്കാത്ത പക്ഷം ടി 20 ലോകകപ്പിലും ടീം ഇന്ത്യക്ക് തിരിച്ചടികൾ തുടരാനുള്ള സാധ്യതയാണ് ഇപ്പോളുള്ളത്.













