വ്യാജ പ്രീപോൾ സർവേ ഫലം ഉണ്ടാക്കിയത് ബിജെപി ഓഫീസിൽ തന്നെ; ഇത്രക്ക് പോലും ബോധമില്ലാത്ത ആളാണോ മുൻ ഐപിഎസ് ഓഫീസർ ആർ ശ്രീലേഖ??
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ പുറത്തുവിട്ട പ്രീപോൾ സർവേ ഫലം നിർമിച്ചത് പുറത്ത് നിന്നുള്ള സ്ഥാപനങ്ങൾ ഒന്നുമല്ല. അത് വ്യാജമായി നിർമ്മിച്ചത് ബിജെപി ഓഫീസിൽ തന്നെയാണ്. സർവേ ഫലം പ്രചരിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് ചാനലുകൾക്ക് ലഭിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം ഈ സർവേ ഫലം കാണിച്ച് കൊണ്ടുള്ള ചിത്രങ്ങൾ ബിജെപിക്കാർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. സ്ഥാനാർഥിയായ ആർ ശ്രീലേഖ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതും ഇതേ കാര്‍ഡ് തന്നെയാണ്.
പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ഗുരുതരമായ ചട്ടലംഘനത്തിൽ ഇടപെടുകയായിരുന്നു . സൈബർ പൊലീസിനോട് റിപ്പോർട്ട് നൽകാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എച്ച്.ഷാജഹാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ഉണ്ടായതിന് തൊട്ടുപിന്നാലെ ശ്രീലേഖ അവരുടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ. പ്രീ പോൾ സർവേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകുമെന്നും , എൽഡിഎഫ് അവിടെ പിന്നോട്ട് പോകുമെന്നുള്ള ഒരു സ്വകാര്യ സർവേയാണ് ശ്രീലേഖ പങ്കുവെച്ചത്. ജനഹിതം ഇങ്ങനെയാകട്ടെ എന്ന തലക്കെട്ടോടെയായിരുന്നു സ്ഥാനാർഥി ശ്രീലേഖ പോസ്റ്റ് പങ്ക് വെച്ചത്.
നേരത്തെ സര്‍വിസില്‍നിന്ന് വിരമിച്ചിട്ടും സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകളിൽ ഐപിഎസ് എന്ന് ചേര്‍ത്തതിന് ഇവര്‍ കുഴപ്പത്തിലായിരുന്നു. ബി.ജെ.പിയുടെ തിരുവനന്തപുരത്തെ മേയർ സ്ഥാനാര്‍ഥി മാത്രമല്ല, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ആർ ശ്രീലേഖ. തെരെഞ്ഞെടുപ്പ് ദിവസം പോളിങ് കഴിയുന്നത് വരെ പ്രീ പോൾ ഫലം പങ്കു വയ്ക്കരുതെന്ന് സുപ്രീംകോടതിയുടെയും തെരെഞ്ഞെടുപ്പ് കമ്മീഷന്റെയും ഉത്തരവുണ്ട്. ഇത് ലംഘിക്കപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ ഇടപെട്ടത്.
ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ, തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സൈബർ പോലീസ് വിഭാഗത്തെ അറിയിച്ചു. എന്നാൽ, പോസ്റ്റ് നീക്കണമെന്ന് അവർ ആവശ്യപ്പെടും മുൻപുതന്നെ ശ്രീലേഖ അതു നീക്കിയിരുന്നു.
സർവേഫലം പ്രചരിപ്പിച്ച പത്തോളം അക്കൗണ്ട് ഉടമകൾക്കും അവ നീക്കാൻ നിർദേശം നൽകി. ഭൂരിഭാഗംപേരും പോസ്റ്റ് നീക്കിയെങ്കിലും മൂന്നു അക്കൗണ്ടുകളിൽനിന്ന് നീക്കിയില്ല.അവ വ്യാജ അക്കൗണ്ടുകളാണെന്നാണ് സംശയം. ബിജെപിയുടെ മറ്റ് ചില നേതാക്കളും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ സർവേ ഫലം പങ്കുവെച്ചിരുന്നു.
ഇത്തരം പോസ്റ്റുകൾ കമ്മിഷൻ നിർദേശം നൽകി മൂന്നുമണിക്കൂറിനുള്ളിൽ നീക്കണം. ഇവ നീക്കുന്നതോടെ കമ്മിഷൻ നടപടി അവസാനിക്കും. ഇത്തരം പോസ്റ്റുകൾ പങ്കുവെച്ച സ്ഥാനാർഥി മത്സരിച്ച വാർഡിലെ വോട്ടർക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെയോ ഹൈക്കോടതിയെയോ സമീപിക്കാനുമാകും.
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ആർ. ശ്രീലേഖ. ബാങ്ക് ഉദ്യോഗസ്ഥ, കോളേജ് അദ്ധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശേഷമാണ് ശ്രീലേഖ ഐപിഎസ് പദവിയേയ്ക്ക് എത്തുന്നത്. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ അവർ 33 വർഷത്തെ സർവ്വീസ് ജീവതത്തിനിടയിൽ പൊലീസിനകത്തും പുറത്തുമായി നിരവധി പദവികൾ വഹിച്ച ആളുമാണ്.
ഇത്രക്ക് ഉയർന്ന സ്ഥാനങ്ങളിൽ ഇരുന്ന ആളാണ് ബിജെപിയിൽ എത്തിയ ശേഷം അശേഷം വിവരമില്ലാത്തത് പോലെ പെരുമാറുന്നത്. ഇലക്ഷന് മുന്നേ തന്നെ വേടൻ പാടിയ ഒരു പാട്ടിൽ ഇല്ലാത്ത വരികൾ ചേർത്ത് വെച്ച് വിവാദം ഉണ്ടാക്കിയതും ഇവർ തന്നെ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരാണ് വിദ്വേഷം ഉയർത്താനായി ഇവർ വേടന്റെ പാട്ടിന്റെ വരികളിൽ ചേർത്ത് വെച്ചത്.













