‘അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും’
പിണറായിയില്‍ ഉണ്ടായതിനെ ബോംബ് സ്ഫോടനം എന്ന് വ്യാഖ്യാനിച്ച് കൊണ്ട് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് അവിടെ പൊട്ടിയത്. ചരട് കൊണ്ട് കെട്ടിയ പടക്കം ആണ് അപകടം ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള പടക്കത്തിന്റെ കെട്ട് അല്‍പ്പം മുറുകിപ്പോയാല്‍ സ്ഫോടനം ഉണ്ടാകും. അതാണ് അവിടെ സംഭവിച്ചതെന്നും കണ്ണൂര്‍ വിരുദ്ധ പ്രചാരവേലകള്‍ ഒക്കെ കാലഹരണപ്പെട്ടുവെന്നും ഇ പി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
കെട്ടുപടക്കങ്ങള്‍ ചില സമയങ്ങളില്‍ അപകടം ഉണ്ടാക്കാറുണ്ട്. കെട്ട് അല്പം മുറുകി പോയാല്‍ സ്ഫോടനം ഉണ്ടാകും. അങ്ങനെയുള്ള ഒരു അപകടമാണ് ഉണ്ടായത്. അത്തരത്തിലുള്ള സ്ഫോടനത്തെ ബോംബ് സ്ഫോടനമായും അക്രമോത്സുകമായ തയ്യാറെടുപ്പായും വ്യാഖ്യാനിച്ച് ദയവുചെയ്ത് സമാധാനാന്തരീക്ഷത്തെ ആരും തകര്‍ക്കരുത്. കണ്ണൂരിന്റെ സമാധാനവും കണ്ണൂരിന്റെ ഇന്നത്തെ അന്തരീക്ഷവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയണം. സിപിഎം അതാണ് ആഗ്രഹിക്കുന്നത്. ഇതനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.’- ഇ പി ജയരാജന് പറഞ്ഞു.













