ക്രിസ്മസ് ആഘോഷിച്ചാൽ പിഴയും ജയിൽ ശിക്ഷയും ഉണ്ടായിരുന്ന കാലം; ലോകത്ത് ക്രിസ്മസ് പ്രമാണിച്ച് നടക്കുന്ന വിചിത്ര ആചാരങ്ങൾ
ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും സമയമാണ്. എന്നാൽ പഴയ കാലത്തേക്ക് ഒന്ന് നോക്കിയാൽ ലോകത്തിന്റെ പല സ്ഥലങ്ങളിലും ക്രിസ്മസ് എന്നത് അത്രക്ക് സന്തോഷമുള്ള ഒരു കാര്യം ആയിരുന്നില്ല.
ക്രിസ്മസ് എപ്പോഴും ആഘോഷിക്കാൻ അനുവാദമുള്ള ഒന്നായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും അമേരിക്കയിലെ ചില ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷിക്കുന്നത് നിയമവിരുദ്ധമായിരുന്നു. പ്യൂരിറ്റൻ ഭരണാധികാരിയായ ഒലിവർ ക്രോംവെൽ ക്രിസ്മസിനെ ഒരു അനാചാരമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പള്ളികളിലെ പ്രത്യേക പ്രാർത്ഥനകൾ പോലും നിരോധിക്കുകയും ചെയ്തു.
ആരെങ്കിലും ക്രിസ്മസ് ആഘോഷിച്ചാൽ അവർക്ക് പിഴയോ ജയിൽശിക്ഷയോ അനുഭവിക്കേണ്ടി വരുമായിരുന്നു. പിന്നീട് ഭരണമാറ്റം വന്നതിന് ശേഷമാണ് ക്രിസ്മസ് വീണ്ടും ജനകീയമായ ഒരു ആഘോഷമായി മാറിയത്.
17-ാം നൂറ്റാണ്ടിലെ ബ്രിട്ടനിലാണ് ക്രിസ്മസിനെ ലോകത്തിന്റെ കലണ്ടറിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിച്ച സംഭവങ്ങൾ അരങ്ങേറിയത്. ക്രിസ്മസ് നിരോധനത്തിന്റെ സൂത്രധാരൻ ഒലിവർ ക്രോംവെൽ എന്ന ഭരണാധികാരിയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്യൂരിറ്റൻ വിഭാഗം വിശ്വസിച്ചിരുന്നത് ക്രിസ്മസ് ആഘോഷങ്ങൾ ബൈബിളിൽ പറഞ്ഞിട്ടില്ലാ എന്നും അത് പാപകരമായ ഒരു സംഗതി ആണെന്നുമാണ്.
അത് മാത്രമല്ല ജനങ്ങൾ കുടിച്ചു കൂത്താടി തെരുവിലൂടെ നടക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് 1644-ൽ ബ്രിട്ടീഷ് പാർലമെന്റ് ഔദ്യോഗികമായി തന്നെ ക്രിസ്മസ് നിരോധിച്ചു. അലങ്കാരങ്ങളും തോരണങ്ങളും പാടില്ല, മാംസം വറുക്കരുത്, വൈൻ കുടിക്കരുത്. ഇങ്ങനെയുള്ള നിരോധനം വന്നതോടെ ബ്രിട്ടനിലെ തെരുവുകളിൽ നിന്ന് ക്രിസ്മസ് മണം തന്നെ അപ്രത്യക്ഷമായി.
അന്നത്തെ കർശനമായ നിയമ പ്രകാരം ഡിസംബർ 25-ന് പള്ളികൾ അടച്ചിടണം.
കടകൾ നിർബന്ധമായും തുറക്കണം. ആരെങ്കിലും അവധി എടുത്താൽ പിഴ ഈടാക്കും.
വീടിന്റെ വാതിലുകളിൽ പച്ചിലകളോ തോരണങ്ങളോ തൂക്കാൻ പാടില്ല.
ഏറ്റവും രസകരമായ കാര്യം, സൈനികർ തെരുവിലൂടെ നടന്ന് വീടുകളിൽ നിന്ന് മാംസം വറുക്കുന്ന മണം വരുന്നുണ്ടോ എന്ന് പരിശോധിക്കുമായിരുന്നു. വല്ലയിടത്തും ക്രിസ്മസ് വിരുന്നിനായി ഭക്ഷണം തയ്യാറാക്കുന്നുണ്ടെങ്കിൽ സൈന്യം അത് പിടിച്ചെടുക്കും.
എന്നാൽ ഒരു വശത്ത് സൈന്യം പരിശോധന നടത്തുമ്പോൾ മറുവശത്ത് ജനങ്ങൾ രഹസ്യമായി പ്രാർത്ഥനകളും ചെറിയ വിരുന്നുകളും നടത്തി.
നിരോധനത്തിൽ സഹികെട്ട ജനങ്ങൾ പലയിടത്തും ലഹളയുണ്ടാക്കി. കാന്റർബറിയിൽ ക്രിസ്മസ് ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ നഗരം പിടിച്ചെടുക്കുകയും “ക്രിസ്മസ് വേണം” എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ പ്രതിഷേധങ്ങൾ പിന്നീട് ‘Restoration’ എന്നൊരു പ്രക്രിയയിലേക്ക് നയിച്ചു.
1660-ൽ ചാൾസ് രണ്ടാമൻ രാജാവായി തിരിച്ചെത്തിയതോടെയാണ് ക്രിസ്മസ് അതിന്റെ പഴയ പ്രതാപത്തോടെ തിരിച്ചുവന്നത്. 17 വർഷത്തോളം നീണ്ടു നിന്ന ‘ഇരുണ്ട ക്രിസ്മസ്’ കാലത്തിന് അങ്ങനെ അന്ത്യമായി. ക്രോംവെല്ലിനെ ഇന്നും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് The Man Who Stole Christmas എന്നാണ്.
വിവിധ രാജ്യങ്ങളിൽ നമ്മളെ അത്ഭുതപ്പെടുത്തുന്ന പല ചടങ്ങുകളും ക്രിസ്മസിന് കാണാം.
ഏറ്റവും വിചിത്രമെന്നു തോന്നിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളാണ് പോർച്ചുഗലിൽ നടക്കുന്നത്. ക്രിസ്മസ് ഡിന്നറിന്റെ സമയത്ത് ഇവിടെ കുടുംബത്തിലെ മരിച്ചവർക്കു കൂടി മേശയ്ക്കു സമീപം കസേരകളിടും. കോൺസോഡ എന്നാണ് ഇവിടുത്തെ ഡിന്നർ അറിയപ്പെടുന്നത്. ക്രിസ്മസിനായി തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളടക്കമാണ് ഈ ആത്മാക്കൾക്കായി വിളമ്പുന്നത്. ക്രിസ്മസ് അത്താഴത്തിന് മരിച്ചവരുടെ ആത്മാക്കളെയും കൂട്ടുകയാണെങ്കിൽ കുടുംബത്തിന് ഐശ്വര്യവും ഭാഗ്യവും വരുമെന്നാണ് വിശ്വാസം.
ഇവിടെ മാതാക്കൾ ആണെങ്കിൽ നോര്‍വേയിൽ ദുരാത്മാക്കളാണ് താരം. ക്രിസ്മസിന് തലേന്ന് വൈകിട്ട് ദുരാത്മാക്കളും ദുഷ്ട ശക്തികളും ഭൂമിയിലേക്ക് വരുമെന്നാണ് ഇവിടുത്തെ പരമ്പരാഗത വിശ്വാസം. അതുകൊണ്ടുതന്നെ വീട്ടിലെ ചൂലുകളെല്ലാം ഒളിപ്പിച്ചു വയ്ക്കും. അതിനു ശേഷം മാത്രമേ ക്രിസ്മസ് രാത്രി അവർ ഉറങ്ങുവാൻ പോവുകയുള്ളൂ. ഇങ്ങനെ ചെയ്തില്ലെങ്കിൽ ക്രിസ്മസ് പുലരിയില്‍ പൊട്ടിക്കിടക്കുന്ന ചൂലുകള്‍ ഐശ്വര്യത്തിന് തടസ്സമാകുമെന്നും അതുവഴി ദുരാത്മാക്കൾ ക്രിസ്മസിനെ നശിപ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.
വെനിസ്വലേയിലാണെങ്കില് അതിരാവിലെ നടക്കുന്ന കുർബാനയിൽ പങ്കെടുക്കാനായി റോളർ സ്കേറ്ററിലാണ് വിശ്വാസികൾ എത്തുന്നത്.
ഇനി ചെക്ക് റിപ്പബ്ലിക്കിൽ ആണെങ്കിൽ ക്രിസ്മസിന് വൈകുന്നേരം അവിവാഹിതരായ സ്ത്രീകൾ വാതിലിന് സമീപം നിന്ന് തോളിന് മുകളിലൂടെ അവരുടെ ഷൂവിൽ ഒന്ന് എടുത്ത് എറിയുന്നു. ഷൂവിന്റെ മുകൾഭാഗം വാതിലിന് അഭിമുഖമായി വീണാൽ , അതിനർത്ഥം അവർ ഒരു വർഷത്തിനുള്ളിൽ വിവാഹിതരാകുമെന്നാണ്.












