ഷോ കാണിക്കാൻ വെല്ലുവിളിച്ചു, ബാബാ രാംദേവിനെ എടുത്ത് തറയിലടിച്ചു; ഗുസ്തി കുടുംബത്തിലെ അംഗമാണ് മാധ്യമപ്രവർത്തകനെന്ന് രാംദേവ് അറിഞ്ഞില്ല
വെറുതെ ഷോ കാണിക്കാൻ പോയി അപഹാസ്യനായി മാറിയിരിക്കുകയാണ് പതഞ്ജലി ഉടമയും യോഗ ഗുരുവുമായ ബാബാ രാംദേവ്. ഡൽഹിയിലെ ഒരു സംവാദ വേദിയിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ചാണ് യോഗാ ഗുരു ബാബാ രാംദേവ് ശ്രദ്ധ നേടിയത്.
ഒരു സ്വകാര്യ മാധ്യമ സ്ഥാപനം ഭാരത് സംവാദ് എന്ന പേരിൽ നടത്തിയ ലൈവ് ഷോയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. പരിപാടിക്കിടെ സ്റ്റേജിലുണ്ടായിരുന്ന മാധ്യമപ്രവർത്തകനായ ജയ്ദീപ് കർണിക്കിനെയാണ് രാംദേവ് തന്നോട് ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ചത്. എന്നാൽ ഗുസ്തി തുടങ്ങിയപ്പോൾ തന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നുകയും ചെയ്തു.
കാണികൾക്ക് മുന്നിൽ ചില യോഗാ ചുവടുകൾ കാണിച്ച്, ശ്വാസം നീട്ടി വിട്ട്, എന്നിട്ട് രണ്ട് തവളചാട്ടമൊക്കെ ചാടി, തന്റെ കൈയിലെ മസിലും എടുത്ത് കാട്ടിയ രാംദേവ് മാധ്യമപ്രവർത്തകന്റെ അടുത്തേക്ക് പോവുകയായിരുന്നു. തന്റെ ശക്തിയും കഴിയും മറ്റുള്ളവരെ കാണിക്കാനെന്നോണം രാംദേവ് മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ ക്ഷണിച്ചു. എന്നാൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ച ജയ്ദീപിനെ കാലിൽ കുടുക്കിട്ട് നിലത്തേക്ക് മറിച്ചിടാൻ രാംദേവ് ശ്രമിക്കുകയും ചെയ്തു.
എന്നാൽ ജയ്ദീപ് അവിടെയും മെയ്വഴക്കത്തോടെ കൃത്യമായി ഒഴിഞ്ഞുമാറി. ഇതോടെ, വാശി കേറിയ രാംദേവ്, വീണ്ടും അദ്ദേഹത്തെ പിടിച്ച് നിലത്തേക്ക് തള്ളിയിട്ടെങ്കിലും, ജയ്ദീപ് രാംദേവിനെയും പിടിച്ച് മലർത്തിയടിക്കുകയായിരുന്നു.
ഇതോടെ പണി പാളിയെന്ന് മനസിലായ രാംദേവ് എഴുന്നേൽക്കാൻ നോക്കിയെങ്കിലും മാധ്യമപ്രവർത്തകൻ വീണ്ടും പിടിച്ച് തള്ളിയിടുന്നത് ആ വീഡിയോയിൽ കാണാം. ഒടുവിൽ പിടിച്ചുനിൽക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ രാംദേവ് എഴുന്നേൽക്കുകയും ചിരിച്ചുകൊണ്ട് മൈക്ക് കൈയിലെടുത്ത് ജയ്ദീപിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഫയൽവാൻ ജയിച്ചേ എന്ന് പഞ്ചാബി ഹൗസിൽ കൊച്ചിൻ ഹനീഫ പറയുന്നത് പോലെയുള്ള സ്റ്റൈലിൽ തന്നെ.
ഈ ഗുസ്തിക്ക് വിളിച്ച മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ജയ്ദീപ് കർണിക് ഒരു ഗുസ്തി കുടുംബത്തിൽ നിന്നുള്ള ആളാണെന്ന് രാംദേവിന് അറിയില്ലായിരുന്നു. ജയ്ദീപിന്റെ അച്ഛൻ സുഭാഷ് കർണിക് ഒരു ഗുസ്തിക്കാരനും എഴുത്തുകാരനുമായിരുന്നു. മുത്തച്ഛൻ ആയ രംഗനാഥ് കർണിക്ക് അക്കാലത്തെ ഇതിഹാസ ഗുസ്തിക്കാരനായി അറിയപ്പെട്ടിരുന്ന ആളാണ്. എന്നാൽ ഇതൊന്നും അറിയാതെയാണ് ജയദീപിനെ രാംദേവ് ഗുസ്തിക്കായി വിളിച്ചതും ഒടുവിൽ പരാജയപ്പെട്ടതും.
സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയുടെ താഴെ നിരവധി പേരാണ് രാംദേവിനെ പരിഹസിച്ചും മാധ്യമപ്രവർത്തകനെ പുകഴ്ത്തിയും കമന്റ് ചെയ്യുന്നത്. മാധ്യമപ്രവർത്തകനെ എളുപ്പത്തിൽ കീഴ്പ്പെടുത്താമെന്ന് രാംദേവ് കരുതിയതായും എന്നാൽ ഒടുവിൽ സ്വയം പരിഹാസ്യനായെന്നും ചിലർ പറയുന്നു.
‘ഈ പ്രായത്തിലും ബാബ രാംദേവിന്റെ ഫിറ്റ്നസ് അപാരമാണ്’ എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, എളുപ്പത്തിൽ ജയിക്കാമെന്ന് കരുതിയ ബാബയ്ക്ക് കിട്ടിയ എട്ടിന്റെ പണിയായി ഇതെന്നാണ് മറ്റുചിലർ പരിഹസിക്കുന്നത്. ബാബ രാംദേവിന് ഇത് ആദ്യത്തെ അനുഭവം ഒന്നുമല്ല. മുമ്പും സുശീൽ കുമാർ ഉൾപ്പെടെയുള്ള ഒളിമ്പിക് മെഡൽ ജേതാക്കളുമായി രാംദേവ് ഗുസ്തി പിടിച്ചിട്ടുണ്ട്. ശാരീരികക്ഷമതയ്ക്കും സ്റ്റാമിനയ്ക്കും ഗുസ്തി ഒരു മികച്ച വ്യായാമമാണെന്നാണ് രാംദേവ് പറയുന്നത്.
എന്നാൽ മാധ്യമശ്രദ്ധ നേടാൻ വേണ്ടി രാംദേവ് കണ്ട എളുപ്പവഴിയാണ് ഈ ഗുസ്തിയെന്നും, അത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറിയെന്നുമാണ് കൂടുതൽ ആളുകളും പറയുന്നത്. എന്തായാലും ഈ ലൈവ് ഗുസ്തി പിടുത്തത്തിന്റെ 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.











