പോറ്റിയെ കേറ്റിയത് കോൺഗ്രസുകാർ തന്നെയല്ലേ?? സോണിയ ഗാന്ധിയുടെ സഹോദരിയുടെ പുരാവസ്തു വിൽക്കുന്ന കടയിൽ പഞ്ചലോഹ വിഗ്രഹം ഉണ്ടോ??
ശബരിമല സ്വർണക്കൊള്ളയിൽ ഇടനിലക്കാരനായി നിന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധങ്ങൾ കൂടുതലായി പുറത്ത് വരികയാണ്. ആരാണ് പോറ്റിയെ കേറ്റിയത് എന്ന കാര്യവും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ ആണ്. ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് സിപിഐഎം പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ്സ് നേതാക്കളുമായുള്ള അടുപ്പം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ അടക്കം സിപിഐഎം ആരോപണമുയർത്തുന്നത്. സോണിയാ ഗാന്ധിക്കും പങ്കുണ്ടെന്ന തരത്തിലാണ് ആരോപണം. ഇത് ഏറ്റെടുത്ത് മന്ത്രിമാരും നേതാക്കളുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരും പാർട്ടിയും പ്രതിസന്ധിയിൽ ആയിട്ടും പ്രതിരോധത്തിന് കാര്യമായ ശ്രമം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരും വരെ സിപിഐഎം നടത്തിയിരുന്നില്ല. കോടതി നിർദേശിച്ച പ്രത്യേക സംഘത്തിൻ്റെ അന്വേഷണം നടക്കട്ടെ എന്നായിരുന്നു നിലപാട്. എന്നാൽ യുഡിഎഫും ബിജെപിയും ഉയർത്തിയ പ്രചാരണം സിപിഐഎമ്മിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് പൊതുവേ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കൂടിയാണ് ശക്തമായ പ്രതിരോധത്തിന് സിപിഎം ശ്രമിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതാക്കളുമായുള്ള അടുപ്പം ഉയർത്തി കാണിച്ചാണ് സിപിഎം പ്രചാരണം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് യുഡിഎഫ് ആണ്. സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ട് തവണ ഉണ്ണികൃഷ്ണൻ പോറ്റി സന്ദർശനം നടത്തി. കോൺഗ്രസ് നേതാക്കളായ ആൻ്റോ ആൻ്റണി, അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരാണ് അതിനു സഹായം നൽകിയതെന്നും പാർട്ടി ആരോപിക്കുന്നു.
സോണിയ ഗാന്ധിയുടെ സഹോദരിക്ക് ഇറ്റലിയിൽ പൗരാണിക വസ്തുക്കൾ വിൽക്കുന്ന കടയുണ്ടെന്നും ശബരിമല സ്വർണക്കടത്തിന് ഇതുമായി ബന്ധമുണ്ടെന്നുമാണ് സിപിഎമ്മിന്റെ ശക്തമായ മറ്റൊരു പ്രചാരണം. സോണിയയുടെ സഹോദരിയായ അലക്സാൻഡ്രിയ, അനൗഷ്ക എന്നും അവരെ വിളിക്കുന്നുണ്ട്. ഇവർക്ക് രണ്ടു ആന്റിക് ഷോപ്പുകൾ ഉണ്ടെന്നാണ് പറയുന്നത്. എത്നിക, ഗൺപതി എന്നീ പേരിലാണ് ഷോപ്പുകൾ. വർഷങ്ങൾക്ക് മുന്നേ സോണിയാഗാന്ധി ഇന്ത്യയിൽ നിന്നും പുരാതന വസ്തുക്കൾ സഹോദരിക്ക് എത്തിക്കുന്നു എന്ന ആരോപണം ഉണ്ടായിരുന്നു. സുബ്രമണ്യൻ സ്വാമി 2016 ൽ ഈആരോപണം ഉന്നയിച്ചിരുന്നു. അതിനും വർഷങ്ങൾക്ക് മുന്നേ 2003 ലും സ്വാമി ദൽഹി കോടതിയിൽ ഒരു പെറ്റിഷൻ ഫയൽ ചെയ്തിരുന്നു.
പിന്നാലെ ആരോപണങ്ങൾ ഏറ്റെടുത്ത് മന്ത്രിമാരും രംഗത്തെത്തി. സോണിയ ഗാന്ധിയ്ക്ക് ഒരു ബന്ധവുമില്ലെങ്കിൽ ഇത്രയും അടുത്ത് നിൽക്കുമോ എന്നായിരുന്നു വി. ശിവൻകുട്ടിയുടെ ചോദ്യം. ഉണ്ണികൃഷ്ണൻ പോറ്റി സ്ഥിരം സന്ദർശകനായിരുന്നു. ഗോവർദ്ധനനും ചിത്രത്തിൽ ഒപ്പമുണ്ട്. എന്താണ് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധമെന്നും അന്വേഷണം വേണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
പോറ്റിയെ കേറ്റിയേ എന്ന പാരഡി പാട്ടും സർക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് തെരഞ്ഞെടുപ്പിന് ശേഷവും യുഡിഎഫ് തുടരുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആരോപണ വിധേയരുടെ കോൺഗ്രസ് ബന്ധം ചൂണ്ടിക്കാട്ടിയുള്ള സിപിഐഎമ്മിന്റെ പ്രതിരോധം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖം നോക്കാതെയുള്ള നടപടിയാണ് അന്വേഷണ സംഘം എടുക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതുവരെ പിടിയിലായവര്‍ ജയിലില്‍ തന്നെ തുടരുകയാണ്. കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിയാണ് പ്രധാനിയെന്നും ശിവന്‍കുട്ടി പറഞ്ഞു. ‘പോറ്റിയെ അവിടെ കൊണ്ടുവന്നത് ആരെന്ന് എല്ലാവര്ക്കും അറിയാം. 2016ന് മുന്‍പ് നടന്ന സംഭവം പിണറായി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ കഴിയില്ല. സോണിയ ഗാന്ധിയുടെ വസതിയില്‍ ഉണ്ണികൃഷ്ണന് പോറ്റി രണ്ട് തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, പ്രയാര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവരാണ് അതിന് സഹായം നല്‍കിയത്.’ എന്നും വി ശിവന്‍കുട്ടി പറഞ്ഞു.
‘ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണോ. ഈ വിഷയത്തില്‍ സംസാരിക്കാന്‍ പോലും എംപിമാര്‍ തയ്യാറാകുന്നില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വി ഡി സതീശന് ഈ ബന്ധത്തെക്കുറിച്ച് കൂടി പറയാന്‍ തയ്യാറാവണം. പാരഡിയുടെ കൂടെ ഇതെല്ലാം ചേര്‍ക്കണം. സോണിയ ഗാന്ധിയുടെ വീട്ടില്‍ പോയതും സന്ദര്‍ശനം നടത്തിയതും കൂടി ചേര്‍ത്താല്‍ പാരഡി ഗംഭീരമാകുമെന്നും ശിവന്‍കുട്ടി പരിഹസിച്ചു. സോണിയ ഗാന്ധിക്ക് ഉണ്ണികൃഷ്ണൻ പോറ്റി രക്ഷകെട്ടിയ സംഭവത്തില്‍ എങ്കിലും മറുപടി പറയാന്‍ കോൺഗ്രസ്സ് തയ്യാറാണോ എന്നാണ്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒപ്പം പോറ്റി നിൽക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വി ശിവന്‍കുട്ടി ചോദിക്കുന്നത്.
അന്വേഷണം ശബരിമലയിലെ പഞ്ചലോഹ വിഗ്രഹവും മറ്റുള്ള പുണ്യ പുരാതന വസ്തുക്കളും എവിടേക്കാണ് പോയതെന്ന്. കടൽ കടന്നു ഇറ്റലിയിലേക്ക് പോയോ, അത് സോണിയ ഗാന്ധിയുടെ സഹോദരിയുടെ കടയിൽ എത്തിയോ എന്നതെല്ലാം അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യങ്ങളാണ്.













