നീ ഇനിയും ഹിന്ദി പഠിച്ചില്ലല്ലേ, ഒരു മാസം കൊണ്ട് പഠിച്ചോളണം: ആഫ്രിക്കക്കാരനെ ഭീഷണിപെടുത്തിയ BJP കൗൺസിലർ ഒടുവിൽ മാപ്പ് പറഞ്ഞു
ഹിന്ദി അറിയാത്തതിന് ആഫ്രിക്കൻ വംശജനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ രേണു ചൗധരി. പാർട്ടി ശാസിച്ചതിന് പിന്നാലെയാണ് മാപ്പ് പറച്ചിലുമായി നേതാവ് രംഗത്ത് എത്തിയത്. പാർട്ടിയുടെ ഡൽഹി നേതൃത്വം സംഭവത്തിൽ രേണുവിനോട് വിശദീകരണം തേടിയിരുന്നു.
പത്പർഗഞ്ച് വാർഡില്‍ നിന്നുള്ള കൗൺസിലറാണ് രേണു ചൗധരി. മുനിസിപ്പൽ പാർക്കിൽ കുട്ടികൾക്ക് ഫുടബോൾ പരിശീലനം നൽകിവരികയായിരുന്ന ആഫ്രിക്കൻ വംശജനെയാണ് രേണു ഭീഷണിപ്പെടുത്തിയത്. 15 വർഷത്തോളം ഈ രാജ്യത്തുണ്ടായിട്ടും ആഫ്രിക്കൻ വംശജൻ എന്ത് കൊണ്ട് ഹിന്ദി പഠിച്ചില്ല എന്നതായിരുന്നു രേണുവിന്റെ ഭീഷണിക്ക് കാരണം.
‘നിങ്ങൾ ഇനിയും ഹിന്ദി പഠിച്ചില്ല അല്ലെ? ഒരു മാസം കൊണ്ട് ഹിന്ദി പഠിച്ചില്ലെങ്കിൽ ഈ പാർക്ക് നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല’ എന്നായിരുന്നു രേണുവിന്റെ ഭീഷണി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ഇവിടുത്തെ മാതൃഭാഷ അറിഞ്ഞിരിക്കണമെന്നും അവർ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ രേണു ചൗധരി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ സമയത്ത് ചുറ്റുമുള്ളവർ ചിരിച്ചപ്പോൾ രേണു ദേഷ്യത്തോടെ അവരോട് മിണ്ടാതെയിരിക്കാൻ പറയുന്നുണ്ട്. ‘ ഞാൻ വളരെ സീരിയസ് ആയാണ് സംസാരിക്കുന്നത്. ഞാൻ ഇയാളോട് എട്ട് മാസം മുൻപേ ഹിന്ദി പഠിക്കാൻ പറഞ്ഞതാണ്. ഈ രാജ്യത്തുനിന്ന് നിങ്ങൾ പണം സമ്പാദിക്കുന്നുണ്ടങ്കിൽ, നിങ്ങൾ ഈ രാജ്യത്തെ ഭാഷയും പഠിച്ചിരിക്കണം’ എന്നും രേണു പറയുന്നതായി കാണാം.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രേണു രംഗത്തെത്തിയിരുന്നു. പാർക്ക് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച ആഫ്രിക്കൻ വംശജനോട് കോർപ്പറേഷന് പണം നൽകാൻ ആവശ്യപ്പെട്ടെന്നും തുടർന്നുണ്ടായ കാര്യങ്ങളാണ് വീഡിയോയിൽ കണ്ടത് എന്നുമായിരുന്നു രേണുവിന്റെ വിശദീകരണം.
എട്ട് മാസം മുൻപ് ഇത്തരത്തിൽ പണം ആവശ്യപ്പെട്ടപ്പോൾ തനിക്ക് ഹിന്ദി അറിയില്ല എന്നാണ് ഇയാൾ പറഞ്ഞത്. അതിനാല്‍ കോർപ്പറേഷൻ അധികൃതർക്ക് ഇയാളോട് വേണ്ട രീതിയിൽ സംസാരിക്കാൻ സാധിച്ചില്ല. എന്നാൽ ഇന്നും ഹിന്ദി അറിയില്ല എന്നാണ് അയാൾ പറയുന്നത് എന്നും അതിനാലാണ് ഇങ്ങനെ പറയേണ്ടിവന്നത് എന്നുമാണ് രേണു പറഞ്ഞത്.
കഴിഞ്ഞ 15 വർഷമായി ഈ പ്രദേശത്ത് താമസിക്കുകയും കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുകയും ചെയ്യുന്ന ആഫ്രിക്കൻ സ്വദേശിയോടാണ് കൗൺസിലർ കയർത്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വ്യാപകമായ വിമർശനം ഉയരുകയും ചെയ്തതോടെ വിശദീകരണവുമായി കൗൺസിലർ രംഗത്തെത്തി. താൻ ആരെയും ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആശയവിനിമയം സുഗമമാക്കാൻ വേണ്ടിയാണ് ഇത് പറഞ്ഞതെന്നുമാണ് രേണു ചൗധരിയുടെ വാദം.
ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ഭൂരിഭാഗം ജീവനക്കാർക്കും ഇംഗ്ലീഷ് അറിയില്ലെന്നും അതിനാൽ ആശയവിനിമയത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു. രിച്ചു. ഹിന്ദി പഠിക്കാൻ ഇയാൾക്ക് ഒരു ട്യൂട്ടറെ ഏർപ്പാടാക്കി നൽകാമെന്നും അതിന്റെ ചെലവ് താൻ വഹിക്കാമെന്ന് താൻ ഓഫർ ചെയ്തിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വിദേശികൾ ഇന്ത്യയിൽ താമസിക്കുമ്പോൾ ഹിന്ദി പഠിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അവർ തന്റെ നിലപാടിനെ ന്യായീകരിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ ജനപ്രതിനിധിയിൽ നിന്ന് ഉണ്ടായ ഈ പെരുമാറ്റം വംശീയമായ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്.
ആഫ്രിക്കൻ വംശജനോട് പാർക്ക് ഉപയോഗിക്കുന്നതിന്റെ വാടക ചോദിയ്ക്കാൻ, ജോലിക്കാരോ മുതിർന്ന ഉദ്യോഗസ്ഥരോ ആരെങ്കിലും ഇംഗ്ളീഷിൽ ചോദിച്ചാൽ പോരെ? അതിന് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസമൊന്നും ആവശ്യമില്ല. അത് ചോദിയ്ക്കാൻ ജീവനക്കാർക്ക് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. അതിന് പകരം ഇന്ത്യയിൽ വരുന്നവർ ഹിന്ദി തന്നെ പറയണമെന്ന് വാശി പിടിക്കുന്നത് മണ്ടത്തരമാണ്.
ആ ഒരു ലോജിക് വെച്ച് നോക്കുകയാണെങ്കിൽ ഗൾഫിൽ ജോലി ചെയ്യുന്നവരിൽ, ചെറിയ ഒരു വിഭാഗം ഒഴിച്ച് ആക്കി എല്ലാവരും നമ്മുടെ രാജ്യത്തേക്ക് മടങ്ങി പോരേണ്ടി വരും.













