ഞങ്ങൾ രണ്ടു പേരുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ; രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന വിജയ് മല്യയും ലളിത് മോദിയും
നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയെയും, ഇവിടുത്തെ അന്വേഷണ ഏജൻസികളെയും പരോക്ഷമായി പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വ്യവസായികളായ ലളിത് മോദിയും വിജയ് മല്യയും. മല്യയുടെ ജന്മദിനാഘോഷത്തിന്റെ ഒരു വീഡിയോയിൽ തങ്ങളെ ഇന്ത്യ രാജ്യത്തെ ‘ബിഗ്ഗസ്റ്റ് ഫ്യുജിറ്റീവ്സ്’ അതായത് ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ എന്നാണ് ലളിത് മോദി സ്വയം വിശേഷിപ്പിച്ചത്.
ഈ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചതോടെ വലിയ വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കുമാണ് ഇടയായിരിക്കുന്നത്.വിജയ് മല്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ചിത്രീകരിച്ച വീഡിയോയിൽ, താനും മല്യയും ഇന്ത്യയുടെ ‘ബിഗ്ഗസ്റ്റ് ഫ്യുജിറ്റീവ്സ്’ ആണെന്നാണ് ലളിത് മോദി പറയുന്നത്.
എന്നാൽ സാമ്പത്തിക അഴിമതികളും ക്രമക്കേടുകളും നടത്തിയ ഇവർ നിരവധി കേസുകളിൽപ്പെട്ട് രാജ്യത്തിന് പുറത്ത് കഴിയുന്നവരാണെന്നും, ഇരുവരും ചേർന്ന് ഇന്ത്യൻ സർക്കാരിനെ പരിഹസിക്കുന്നതായാണ് ഈ വീഡിയോ കണ്ടിട്ട് തോന്നുന്നതെന്നും നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
“ഇന്ത്യൻ സർക്കാരിനെ അവർ എത്രമാത്രം പരിഹസിക്കുന്നു എന്നും “ഇന്ത്യയിലെ നിയമസംവിധാനം കാരണമാണ് ഇത്തരമൊരു ഒരു വീഡിയോ ചെയ്യാൻ അവർ ധൈര്യപ്പെട്ടത് എന്നും ഉള്ള പ്രതികരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. ഇവർ ഇ ഡിയെയും സിബിഐയെയും കളിയാക്കുകയാണെന്നും ചിലർ ചൂണ്ടിക്കാട്ടി.
ഇതിനിടെ വിജയ് മല്യയുടെ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണവും ഉണ്ടായി. സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ, എപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി വിജയ് മല്യയോട് ചോദിച്ചിരുന്നു.
മല്യ നേരിട്ട് ഹാജരായില്ലെങ്കിൽ ഹർജി പരിഗണിക്കില്ലെന്നും മല്യയുടെ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നൽകി. 2016 മുതൽ ഇംഗ്ലണ്ടിൽ കഴിയുന്ന മല്യ, തന്നെ പിടികിട്ടാപ്പുള്ളിയും സാമ്പത്തിക കുറ്റവാളിയായും പ്രഖ്യാപിച്ച ഉത്തരവിനെയും 2018-ലെ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ രണ്ട് ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.
2019 ജനുവരിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അതായത് P M L A അനുസരിച്ചുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി, മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
മുൻ ഐപിഎൽ ചെയർമാൻ ലളിത് മോഡിക്കെതിരെ ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് നില നിൽക്കുന്നത്. ലളിത് മോഡി 2010-ലാണ് രാജ്യം വിട്ടു പോയത്.
2009-ലെ ഐപിഎല്ലിന്റെ സംപ്രേക്ഷണ അവകാശങ്ങൾ വിതരണം ചെയ്തതിൽ ക്രമക്കേട് നടത്തിയെന്നും, ഇതിന് പ്രതിഫലമായി 125 കോടിയിലധികം രൂപ ലളിത് മോദി കൈക്കൂലി വാങ്ങിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഒന്നിലധികം വായ്പാ തിരിച്ചടവുകളിൽ വീഴ്ച വരുത്തിയെന്നും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ നേരിടുന്നെന്നും പറയപ്പെടുന്ന ലളിത് മോദി 2016 മാർച്ചിലാണ് ഇന്ത്യ വിട്ടത്.
നമ്മുടെ രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളെ വഞ്ചിച്ച് വിദേശത്ത് സുഖമായി കഴിയുന്ന പ്രമുഖർ, ഇന്ത്യൻ നിയമസംവിധാനത്തെ പരസ്യമായി പരിഹസിക്കുക കൂടി ചെയ്യുന്നത് അപൂർവ്വമായ കാഴ്ചയാണ്. ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എത്രനാൾ ഇനിയും കാത്തിരിക്കേണ്ടിവരും എന്ന ചോദ്യമാണ് ഈ വീഡിയോയിലൂടെ പൊതുസമൂഹത്തിൽ നിറഞ്ഞ് നിൽക്കുന്നത്.













