നശിച്ച് നാറാണക്കല്ലെടുത്ത് പാകിസ്ഥാൻ എന്ന രാജ്യം; ദേശീയ എയർലൈൻ കമ്പനിയും വിറ്റുതുലച്ചു
പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായി. കടുത്ത മത്സരത്തിനൊടുവില്‍ ഏകദേശം 13,500 കോടി രൂപയുടെ ലേലത്തുകയ്ക്ക് ആരിഫ് ഹബീബ് ഗ്രൂപ്പാണ് ദേശീയ വിമാനക്കമ്പനി സ്വന്തമാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയെ ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വില്‍പ്പന.
പിഐഎയുടെ 75 ശതമാനം ഓഹരിയാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ശേഷിക്കുന്ന 25 ശതമാനം ഓഹരി വാങ്ങാന്‍ വിജയിക്കുന്ന കമ്പനിക്ക് 90 ദിവസത്തെ സാവകാശമുണ്ട്. ഇസ്ലാമാബാദില് നടന്ന പിഐഎയെ സ്വകാര്യവത്കരിക്കുന്നതിനുള്ള അവസാനഘട്ടലേലത്തില്‍ ആരിഫ് ഹബീബിനെക്കൂടാതെ മുന്‍കൂട്ടി യോഗ്യത നേടിയ ലക്കി സിമന്റ്, സ്വകാര്യ വ്യോമയാന കമ്പനിയായ എയര്‍ബ്ലൂ എന്നീ കമ്പനികള്‍ പങ്കെടുത്തു.
പിഐഎ വാങ്ങുന്നതിനായി കമ്പനികള്‍ നല്കിയ ടെന്‍ഡറില്‍ ആരിഫ് ഹബീബ് 11,500കോടി രൂപയും ലക്കി സിമന്റ് 10,550 കോടി രൂപയും എയര്‍ബ്ലൂ 2650 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍, അടിസ്ഥാനവില 10,000 കോടി രൂപയായി പാക് സര്‍ക്കാര്‍ നിശ്ചയിച്ചതോടെ ആരിഫ് ഹബീബും ലക്കി സിമന്റും തമ്മിലായി നേരിട്ടുള്ള ലേലംവിളി. നിക്ഷേപകന് അടുത്ത അഞ്ച് വര്‍ഷത്തിനിടെ 8000 കോടി പാക് രൂപയുടെ നിക്ഷേപം നടത്തണമെന്നും വ്യവസ്ഥയുണ്ട്.
അന്തരാഷ്ട്ര നാണയനിധിയുടെ വായ്പാ നിബന്ധന പ്രകാരമാണ് നഷ്ടത്തിലുള്ള കമ്പനിയുടെ സ്വകാര്യവത്കരണം. വിമാനക്കമ്പനി വില്ക്കാന് സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. കഴിഞ്ഞ വര്‍ഷം നടത്തിയ ആദ്യ ശ്രമം, വാഗ്ദാനം ചെയ്ത തുക പ്രതീക്ഷിച്ച വിലയിലേക്ക് എത്താത്തതിനാൽ പരാജയപ്പെട്ടിരുന്നു. ഒരുകാലത്ത് ലോകത്തിലെ മുന്‍നിര വിമാനക്കമ്പനികളില്‍ ഒന്നായിരുന്നു പാകിസ്താന്റെ പിഐഎ. മോശം മാനേജ്മെന്റ്, വര്‍ധിച്ചുവരുന്ന നഷ്ടം, നിലവാരം കുറഞ്ഞ സേവനം എന്നിവ തകർച്ചക്ക് വഴി തെളിച്ചു.
നേരത്തെ ഫൗജി ഫെര്‍ട്ടിലൈസര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ലേലത്തിന് മുന്നിലുണ്ടായിരുന്നു. പാകിസ്താന് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണിത്. ഇവര്‍ക്ക് അനുകൂലമായി നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ഇവര്‍ ലേലത്തില്‍ നിന്ന് പിന്മാറി. ഇതോടെ ലേലം വിളിക്കാന്‍ മൂന്ന് കക്ഷികളായി മാറി. ഇതില്‍ നിന്നാണ് നിക്ഷേപ കമ്പനിയായ ആരിഫ് ഹബീബ് വിജയിച്ചത്.
1958 മുതൽ 20-ൽ അധികം തവണ ഐഎംഎഫിൽ നിന്ന് വായ്പയെടുത്ത പാകിസ്താൻ നിലവിൽ ഐഎംഎഫിന്റെ അഞ്ചാമത്തെ വലിയ കടക്കാരനാണ്. ഈ എയർലൈൻ ലേലത്തിലൂടെ 86 ബില്യൺ രൂപ നേടാനാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. വരുമാനത്തിന്റെ 15% സർക്കാരിലേക്കും ബാക്കി കമ്പനിക്കകത്തും നിലനിർത്തുമെന്നാണ് റിപ്പോർട്ട്.
ഒരു കാലത്ത് പാകിസ്താന്റെ അഭിമാനമായിരുന്ന പിഐഎയുടെ തകർച്ച ആരംഭിക്കുന്നത് 2020ലാണ്. ശതകോടിക്കണക്കിനാണ് കമ്പനിയുടെ നഷ്ടം. 2020ൽ 30%-ൽ അധികം പാകിസ്താൻ പൈലറ്റുമാർ വ്യാജമോ സംശയകരമോ ആയ ലൈസൻസുകൾ ഉപയോഗിച്ചാണ് വിമാന പറത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് 262 പൈലറ്റുമാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി. ഇത് എയർലൈൻസിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു.
ഈ ഗുരുതര വിഷയം, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി, 2020 ജൂണിൽ യൂറോപ്പിലേക്കുള്ള പിഐഎ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. വരുമാനം കൂടുതലുള്ള റൂട്ടുകൾ നഷ്ടപ്പെട്ടതോടെ എയർലൈനിന് പ്രതിവർഷം കോടിക്കണക്കിന് ഡോളർ വരുമാനം ഇല്ലാതായി. യുകെയും യുഎസും ഇതേ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി വിലക്കുകൾ ഏർപ്പെടുത്തി. അതോടെ പാകിസ്ഥാൻ എയർലൈൻസ് പൂർണ്ണമായും തകർച്ചയിലേക്ക് നീങ്ങി.
ഇതിനിടെ തന്നെ പലപ്പോളും കുടിശിക അടച്ചില്ലാ എന്ന കാരണത്താൽ പാകിസ്ഥാൻ സ്റ്റേറ്റ് ഓയിൽ കമ്പനി ഫ്ളൈറ്റുകൾക്ക് ഇന്ധനം നൽകുന്നത് നിർത്തിവെക്കുകയും ചെയ്തിരുന്നു. ഏറ്റവും തിരക്കുള്ള ഗൾഫ് നാടുകളിലേക്കുള്ള സർവീസുകൾ അങ്ങനെ നിർത്തി വെക്കേണ്ട സാഹചര്യവും ഉണ്ടായി.
1946-ൽ സ്ഥാപിതമായ പാകിസ്ഥാൻ എയർലൈൻസ് വർഷങ്ങളായി കനത്ത നഷ്ടവും കടവും പ്രവർത്തന പ്രശ്നങ്ങളും നേരിടുകയാണ്. കഴിഞ്ഞ വർഷം ഈ വിമാനക്കമ്പനിയെ വിറ്റഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഇനിയുള്ള പിഐഎയുടെ ഭാവിയും പ്രവചിക്കാൻ കഴിയില്ല. കാരണം പാകിസ്ഥാൻ നിൽക്കുന്നത് അത്രയും മോശമായ ഒരു അവസ്ഥയിലാണ്.













