ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; കടയുടമക്കെതിരെ ലുക്കൗട്ട് നോട്ടീസ്
കാസർക്കോട്ട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കടയുടമക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത് വലിയ വാർത്തയായിരുന്നു. കൂടാതെ ഭക്ഷ്യവിഷബാധയെ തുടർന്ന് 59 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിൽ മൂന്ന് പേർക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു. ഇതേ കൂൾബാറിലെ ഭക്ഷ്യ സാമ്പിളുകളിൽ ഷിഗല്ലെ ബാക്ടീരയിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കേസിൽ കൂൾബാർ മാനേജർ, മാനേജിങ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി എന്നിവർ റിമാന്റിലാണ്. ദുബൈയിൽ ജോലി ചെയ്യുന്ന കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കാൻ പൊലീസ് നടത്തിയ നീക്കം പരാജയപ്പെട്ടതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
Content Highlight: Look out notice issued against Kasargod coolbar owner in death owing to shawarma.