ആര്യ രാജേന്ദ്രനെതിരെ തട്ടിപ്പ് കേസുകളിൽ സമഗ്രമായ അന്വേഷണം വേണം; തിരുവനന്തപുരം മേയറായി ചാർജെടുത്ത വി വി രാജേഷിന് കിട്ടിയ ആദ്യത്തെ പരാതി
കേരളത്തിൽ ആദ്യമായി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ബിജെപിയുടെ മേയറായി വി വി രാജേഷാണ്
ചുമതലയേറ്റത്. ഇന്നലെ മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി വി വി രാജേഷ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം രാജേഷിന് ആശംസകൾ അറിയിക്കുകയും ചെയ്തു. എന്നാൽ ചില മാധ്യമങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപിയുടെ നിയുക്ത മേയറെ അങ്ങോട്ട് വിളിച്ച് ആശംസകൾ അറിയിച്ചു എന്ന രീതിയിലാണ് വാർത്ത നൽകിയത്.
പിന്നീട് അത് തിരുത്തിയെങ്കിലും കോൺഗ്രസ്സ് സൈബർ ടീമുകൾ ആ വാർത്ത ആഘോഷമാക്കി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകച്ചവടം ആണെന്ന രീതിയിലായി സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ. ആ വ്യാജ വാർത്ത ഇപ്പോളും ചില മാധ്യമങ്ങളിൽ തിരുത്തപ്പെടാതെ തന്നെ കിടക്കുന്നുമുണ്ട്.
കൊടുങ്ങാനൂർ വാർഡിൽ നിന്ന് വിജയിച്ച വി.വി. രാജേഷിനെ ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് തീരുമാനിച്ചത്. മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, രാഷ്ട്രീയ പരിചയം മുൻനിർത്തി രാജേഷിനാണ് നറുക്കുവീണത്. ആശാ നാഥാണ് ബി.ജെ.പിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി.
ഇന്നലെ മേയറായി ചുമതല ഏറ്റെടുത്ത ഉടനെ തന്നെ വി വി രാജേഷിന്റെ മുന്നിലേക്ക് ആദ്യത്തെ പരാതിയും വന്നു. മുൻ കോൺഗ്രസ്സ് കൗൺസിലർ ശ്രീകുമാറാണ് പരാതി നൽകിയത്. സിപിഎംമ്മിലെ ആര്യ രാജേന്ദ്രൻ മേയറായി പ്രവർത്തിച്ചിരുന്ന കാലത്തെ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി.
എസ് എസ് ടി ഫണ്ട് തട്ടിപ്പിലും , നിയമനങ്ങൾക്ക് പാർട്ടി സെക്രട്ടറി യേറ്റിൽ നിന്ന് ലിസ്റ്റ് ആവശ്യപ്പെട്ട് പിൻവാതിൽ നിയമനം നടത്തിയതിലും, കെട്ടിടനികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ് മെയിൻറനൻസ് തട്ടിപ്പ് എന്നിവയിലും സമഗ്രമായ അന്വേഷണം വേണമെന്ന് ശ്രീകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്കെതിരെ, പ്രത്യേകിച്ചും കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയത്തിന് ശേഷം നിരവധി പരാതികളും ആരോപണങ്ങളും വരുന്നുണ്ട്.
പണ്ടത്തെ പെണ്ണുകാണൽ ചടങ്ങ് വരെ ചിലർ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിൽ പെണ്ണ് കാണൽ ചടങ്ങുകളുടെ ഭാഗമായി ചെറിയ ചായ സൽക്കാരമുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ പോകുന്നതിനു മുൻപായി ഹോട്ടലുകാർ ബില്ല് കൊടുത്തു. വരൻ അത് കൊടുക്കാൻ കൂട്ടാക്കിയെങ്കിലും വധു സമ്മതിച്ചില്ല. അവസാനം കുറച്ചു തർക്കങ്ങൾക്ക് ശേഷം ബില്ല് അടച്ചു വരനും കൂട്ടരും ഇറങ്ങി.
പിറ്റേദിവസം ആ ഹോട്ടലിലേക്ക് ഫുഡ് ഇൻസ്പെക്ടറുടെ ജീപ്പ് വന്നു.ഫൈനും അടിച്ച് കൊടുത്തു.
നഗരം ഭരിക്കുന്നവർക്ക് ബിൽ കൊടുക്കരുതെന്ന് അതോടെ ഹോട്ടൽ മുതലാളിക്ക് മനസ്സിലായി.
സർക്കാർ വണ്ടി നിന്റെ തന്തയുടെ വകയാണോ എന്ന് മേയർ ചോദിച്ചില്ല എങ്കിലും, മേയറുടെ കൂടെ ഉള്ളവർ ചോദിച്ചിരുന്നു. ഡ്രൈവർ യദു അതിനു ശേഷം മേയറേ മോശം ആംഗ്യം കാണിച്ചു എഎന്നൊരു കേസും ഉണ്ടായിരുന്നു. അവസാനം ഡ്രൈവർ യദുവിൻറെ ജോലി നഷ്ടമായിരുന്നു.
മറ്റൊരു സംഭവം പാസ്പോർടട്ട് ഓഫീസിന്റെ ബിൽഡിംഗിന്റെ ഗേറ്റിന് മുന്നിലാണ് ഉണ്ടായത്. മേയറുടെ ബോർഡ് വെച്ച കാർ വന്നു. കുട്ടിയുടെ ഫോട്ടോ എടുക്കാനോ എന്തിനോ ആണ് അവിടേക്ക് വന്നത്. വണ്ടിയിൽ മേയറും ഭർത്താവ് MLA യും ഉണ്ടായിരുന്നു. അവിടെ No Parking ഏരിയ ആണ്.
അവിടുത്തെ സെക്യൂരിറ്റി ചന്ദ്രബാബു എന്നയാൾ പറഞ്ഞു, സാറേ ഇവിടെ ഫ്രണ്ടിൽ പാർക്കിംഗ് ഇല്ല എന്ന്. പിന്നീട് ആ ചന്ദ്രബാബുവിന്റെ മേയറും എംഎൽഎയും പ്രോട്ടോകോൾ പഠിപ്പിക്കാൻ ശ്രമിച്ചു. മറ്റു മന്ത്രിമാർ അടക്കമുള്ള വിഐപികൾ വന്നാലും അങ്ങോട്ട് മാറ്റി വണ്ടി പാർക്ക് ചെയ്താണ് പോകുന്നതെന്നും ചന്ദ്രബാബു പറഞ്ഞിരുന്നു. പിന്നീട് നോ പാർക്കിംഗ് ബോർഡ് എടുത്തു മാറ്റി വണ്ടി അവിടെ തന്ന്നെ പാർക്ക് ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ ചന്ദ്രബാബുവിന്റെ സെക്യൂരിറ്റി പണിയും പോയി.
ഇങ്ങനെയുള്ള ഒരുപാട് കഥകളാണ് തിരുവനന്തപുരത്തുള്ളവർ പറയുന്നത്.
അവിടെ എന്തു കൊണ്ട് നമ്മൾ തോറ്റു എന്ന ചോദ്യത്തിന് ഉത്തരം എളുപ്പമാണ്. ഇതൊക്കെ തന്നെയാണ് തോൽക്കാൻ കാരണം. തനിക്ക് ആര്യയിൽ നിന്ന് നേരിട്ട ഒരു അനുഭവം ഒരു സിപിഎം വനിതാ കൗൺസിലർ തന്നെ FB യിൽ പങ്കുവെച്ചിരുന്നു.
എന്നാൽ മുൻ മേയർ പ്രശാന്തും,തിരുവനന്തപുരത്തെ വനിതാ നേതാവും,ജില്ലാ കമ്മറ്റിയുമൊക്കെ ആര്യ രാജേന്ദ്രനെതിരെ രംഗത്ത് വന്നത് ഭരണം കഴിഞ്ഞപ്പോൾ ആണ്. ഇനിയിപ്പോൾ ആര്യയ്ക്കെതിരെ അന്വേഷണം, ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ നടത്തുമോ എന്നതും സംശയമാണ്. കാരണം കേരളത്തിൽ ആദ്യമായി ഒരു കോർപ്പറേഷൻ പിടിക്കാൻ ബിജെപിക്ക് ഏറ്റവും വലിയ സഹായം ചെയ്ത വ്യക്തി എന്ന നിലയിൽ, ആര്യയോട് അവർക്ക് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ഉണ്ടാകും .












