ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രൻറെയും പ്രശാന്തിന്റെയും മൊഴിയെടുത്തു
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. ശനിയാഴ്ച കടകംപള്ളി സുരേന്ദ്രനെ നേരിട്ടുകണ്ട് എസ്ഐടി മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. സ്ഥാനമൊഴിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തില്‍നിന്നും സംഘം മൊഴിയെടുത്തു.
സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്വേഷണം മുകള്‍ത്തട്ടിലേക്ക് എത്തുന്നില്ലെന്നും മുൻ ദേവസ്വം മന്ത്രി കടകംപള്ളി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ വൈകുന്നു എന്നുമുള്ള ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് എസ്ഐടിയുടെ നീക്കം. അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം.
എസ്ഐടി മൊഴിയെടുത്തതായി കടകംപള്ളി സുരേന്ദ്രന് സ്ഥിരീകരിച്ചു. 2019ലെ മന്ത്രിയെന്ന നിലയില്‍ ചില കാര്യങ്ങള്‍ ചോദിച്ചെന്നും അറിയാവുന്നവ പറഞ്ഞെന്നും കടകംപള്ളി പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങള്‍ അറിയാറില്ലെന്നും കടകംപള്ളി പറഞ്ഞു.












