പ്രസിഡൻറ് പുടിൻറെ വീടിന് നേരെ ഡ്രോൺ ആക്രമണം; ഉക്രൈൻ യുദ്ധം കടുപ്പിക്കാനൊരുങ്ങുന്ന റഷ്യ
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടു നടന്ന യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിന്റെ തെളിവുകൾ പുറത്തുവിടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണത്തിനായി എത്തിയ എല്ലാ ഡ്രോണുകളും തകർത്തെന്നും ഇത്തരം അന്വേഷണങ്ങൾ സാധാരണയായി സൈന്യം കൈകാര്യം ചെയ്യാറുണ്ടെന്നും റഷ്യൻ അധികൃതർ അറിയിച്ചു.
ഇത്രയും വലിയൊരു ഡ്രോൺ ആക്രമണം വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മികച്ച ഏകോപനത്തിലൂടെ തകർത്തതിന്റെ പ്രത്യേകം തെളിവുകൾ നൽകേണ്ടതില്ലെന്ന് കരുതുന്നു എന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമാധാന ചർച്ചയിൽ റഷ്യ നിലപാട് കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുപടിഞ്ഞാറൻ റഷ്യയിലെ നോവ്ഗൊറോഡ് മേഖലയിലുള്ള പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി, യുക്രെയ്ൻ 91 ദീർഘദൂര ഡ്രോണുകൾ വിക്ഷേപിച്ചുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവാണ് ആരോപണമുന്നയിച്ചത്. സംഭവസമയത്ത് പുട്ടിൻ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. എന്നാൽ ഇത്തരമൊരു ആക്രമണം നടത്തിയ സ്ഥിതിക്ക് സമാധാന ചർച്ചകളിലെ റഷ്യയുടെ നിലപാട് പുനഃപരിശോധിക്കുമെന്നും ലാവ്റോവ് പറഞ്ഞു. ഫ്ലോറിഡയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള ചർച്ച കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ഈ ആരോപണം ഉയരുന്നത്.
ഉക്രൈൻ യുദ്ധത്തിൽ ഇനി റഷ്യയുടെ ഭാഗത്ത് നിന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. റഷ്യയാണെങ്കിൽ അനുദിനം ആയുധങ്ങളുടെ ശേഖരം വർധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള ആയുധമത്സരം രൂക്ഷമാകുമ്പോൾ ഒരുപടി മുന്നിൽ നിൽക്കുകയാണ് റഷ്യ.
കഴിഞ്ഞ ഒരു വർഷത്തിനിടെ റഷ്യ നിരവധി പുത്തൻ ആയുധങ്ങൾ അനാവരണം ചെയ്തിരുന്നു.
അതിലൊന്നാണ് ഒറെഷ്നിക് എന്ന റഷ്യയുടെ പുതിയ ഹൈപ്പർസോണിക് മിസൈൽ. ആണവ വാർഹെഡുകൾ അടങ്ങുന്ന ഈ മിസൈൽ, ശത്രുരാജ്യങ്ങളുടെ പ്രതിരോധങ്ങളെ മറികടക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2024-ൽ യുക്രെയ്നിലെ സൈനിക പ്ലാന്റിനെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തിലൂടെ ഇതിന്റെ ആദ്യത്തെ യുദ്ധ ശേഷി റഷ്യ തെളിയിക്കുകയും ചെയ്തു.
മറ്റൊരു പ്രധാന റഷ്യൻ ആയുധമാണ് ‘ബ്യൂറ വെസ്റ്റ്നിക്’ എന്ന ക്രൂയിസ് മിസൈൽ. ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻജിനാണ് ഇതിന്റെ പ്രത്യേകത. സാധാരണ മിസൈലുകൾക്ക് ഇന്ധനപരിധിയുണ്ടെങ്കിൽ, ഇതിന് ലോകം മുഴുവൻ എത്രനേരം വേണമെങ്കിലും പറന്നുനടക്കാൻ സാധിക്കും. പരീക്ഷണ പറക്കലിൽ 15 മണിക്കൂറിലധികം വായുവിൽ തങ്ങി 14,000 കിലോമീറ്ററിലധികം ദൂരം ഇത് പിന്നിട്ടു.
“ബ്യൂറ വെസ്റ്റ്നിക്കിന് ശേഷം റഷ്യ അവതരിപ്പിച്ച മറ്റൊരു മാരകായുധമാണ് ‘പോസിഡോൺ’ എന്ന ആണവ സീ-ഡ്രോൺ. കടലിനടിയിലൂടെ സഞ്ചരിക്കുന്ന, സ്വയം നിയന്ത്രിക്കാൻ കഴിയുന്ന ഒരു ചെറിയ അന്തർവാഹിനി പോലെയാണിത്. ഈ ഡ്രോണുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ‘ഖബ റോവ്സ്ക്’ എന്ന പ്രത്യേക അന്തർവാഹിനിയും റഷ്യ സജ്ജമാക്കിയിട്ടുണ്ട്.
റഷ്യ തങ്ങളുടെ ഏറ്റവും പുതിയ പ്രതിരോധ സംവിധാനമായ S-500 തായ്യ്യാറാക്കി കഴിഞ്ഞു. അതിവേഗത്തിൽ വരുന്ന ഹൈപ്പർസോണിക് മിസൈലുകളെയും ബഹിരാകാശത്തിന് തൊട്ടുതാഴെ പറക്കുന്ന ശത്രു ലക്ഷ്യങ്ങളെയും തകർക്കാൻ ഇതിന് ശേഷിയുണ്ട്. നിലവിലുള്ള S-300, S-400 സിസ്റ്റങ്ങളേക്കാൾ കരുത്തനായ ഒരു സുരക്ഷാ കവചമാണിത്.
ഈ ആയുധങ്ങൾ കാര്യമായി റഷ്യ ഉക്രൈനിന് നേരെ പ്രയോഗിക്കുന്നില്ല. ചെറിയ രീതിയിലുള്ള ഒരു യുദ്ധമാണ് അവൈഡ് അരങ്ങേറുന്നത്. എന്നാൽ ഏതു നിമിഷവും അത് മാറിമറിയാം. റഷ്യൻ പ്രസിഡന്റിന് നേരെ ആക്രമണം ഉണ്ടായ സ്ഥിതിക്ക് ഇനി സമാധാനത്തിൻറെ വഴി ആയിരിക്കില്ല റഷ്യ തെരഞ്ഞെടുക്കുന്നത്.













