ശാസ്താംപൂവം ഗോത്രവർഗ മേഖലയിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയും റോട്ടറി ക്ലബ്ബും സംയുക്തമായി സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു
അങ്കമാലി: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്ത്, അപ്പോളോ അഡ്ലക്സ് ആശുപത്രിയും അങ്കമാലി റോട്ടറി ക്ലബ്ബും സംയുക്തമായി ശാസ്താംപൂവം ഗോത്രവർഗ സെറ്റിൽമെന്റിൽ വെച്ച് സി.പി.ആർ (CPR) പരിശീലനവും ലൈഫ് സേവിങ് സ്കിൽ ക്ലാസ്സും സംഘടിപ്പിച്ചു.
2026 ജനുവരി 17 ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് നടന്ന ചടങ്ങിൽ വെള്ളിളിക്കുളങ്ങര റേഞ്ച് ഓഫീസർ ഷിനോജ് കെ.എസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. കിറോഷ് രാജൻ പൊന്നമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുള്ള ആദ്യ മിനിറ്റുകൾ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. ഉൾവനങ്ങളിൽ താമസിക്കുന്ന ഗോത്രവർഗ സമൂഹങ്ങൾക്ക് ഇത്തരം സാഹചര്യങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകാനുള്ള അറിവ് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നും കൃത്യസമയത്ത് നൽകുന്ന സി.പി.ആർ അതിജീവന സാധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ ക്ലാസ്സിൽ വിശദീകരിച്ചു.
അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ വിദഗ്ധ സംഘം സി.പി.ആർ നൽകേണ്ട രീതി നേരിട്ട് പ്രദർശിപ്പിക്കുകയും പങ്കെടുത്തവർക്ക് പരിശീലനം നൽകുകയും ചെയ്തു.ശാസ്ത്താംപൂവം ഉന്നതിയിൽ വച്ച് നടന്ന പരിശീലനത്തിൽ കാരിക്കടവ്, രണ്ടുകൈ എന്നിവിടങ്ങളിൽ നിന്നുള്ള നൂറിൽ പരം ഗോത്ര വർഗ വിഭാഗക്കാരും, ഫോറെസ്റ്റ് ഉദ്യോഗസ്ഥരും റോടേറിയൻസും പങ്കെടുത്തു.













