ഒന്‍പത് മുന്‍നിര കമ്പനികളും നഷ്ടത്തില്‍; പൊള്ളി റിലയന്‍സ് ഓഹരി
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.51 ലക്ഷം കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം ഇടിവ് നേരിട്ടത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്സ് 2032 പോയിന്റ് ആണ് ഇടിഞ്ഞത്. ആഗോള വിപണി പ്രതികൂലമായതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപ ദുര്‍ബലമായതും വിപണിയെ ബാധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മാത്രം കഴിഞ്ഞയാഴ്ച 96,960 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. റിലയന്‍സിന്റെ വിപണി മൂല്യം 18,75,533 കോടിയായാണ് കുറഞ്ഞത്.













