നവജാതശിശു തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം
തിരുവല്ല കുറ്റൂരില്‍ തട്ടുകടയില്‍ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍. കുറ്റൂര്‍ – മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കട ഉടമ ജയരാജന് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സില്‍ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കടയുടമ ജയരാജന് രാവിലെ തട്ടുകട തുറക്കാന്‍ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നില്‍ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. കട തുറക്കാനായി ലൈറ്റിട്ടപ്പോള്‍ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് നോക്കിയത്. ഉടന്‍ തന്നെ അപ്പുറത്തുള്ള കൊച്ചുമകനെ വിളിച്ചു പറഞ്ഞു. അവന് വന്ന് നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും കടയുടമ ജയരാജന് പറഞ്ഞു.












