400 മീറ്റര്‍ യാത്രയ്ക്ക് അമേരിക്കന്‍ യുവതിയില്‍ നിന്ന് 18,000 രൂപ ഈടാക്കി; ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍
നാനൂറ് മീറ്റര്‍ സഞ്ചരിക്കാന്‍ അമേരിക്കന്‍ വിനോദസഞ്ചാരിയില്‍നിന്ന് 18,000 രൂപ ഈടാക്കിയ ടാക്സി ഡ്രൈവര്‍ മുംബൈ പൊലീസ് പിടിയില്‍. ഡ്രൈവറായ ദേശ്രാജ് യാദവ് ആണ് പിടിയിലായത്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ചതിനാണ് ഇയാള്‍ അമിത തുക ഈടാക്കിയത്.
എയര്‍പോര്‍ട്ടില്‍ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്കുള്ള 400 മീറ്റര്‍ യാത്രയ്ക്ക് 18,000 രൂപ ഈടാക്കിയെന്ന് അമേരിക്കന്‍ യുവതി സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തത് വൈറലായതോടെ സംഭവം പുറത്തറിഞ്ഞത്. മുംബൈ നഗരത്തിലെ തന്റെ ചെലവേറിയ യാത്രയെക്കുറിച്ചുള്ള അനുഭവം വിവരിച്ചാണ് സഞ്ചാരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്.
മുംബൈയില്‍ വിമാനമിറങ്ങിയശേഷം ഹോട്ടലിലേക്ക് ഒരു ടാക്സിപിടിച്ചു. ഡ്രൈവറും മറ്റൊരാളും 400 മീറ്റര്‍ അകലെയുള്ള ഹോട്ടലില്‍ ഇറക്കിയശേഷം 200 ഡോളര്‍ വാങ്ങുകയായിരുന്നു. സോഷ്യല്‍മീഡിയ പോസ്റ്റില്‍ പൊലീസ് സ്വമേധയാ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യുകയും മൂന്നുമണിക്കൂറിനുള്ളില്‍ ഡ്രൈവറെ അറസ്റ്റുചെയ്യുകയും ചെയ്തു.
പ്രതി യാത്രക്കാരിയെ അന്ധേരി ഈസ്റ്റില്‍ 20 മിനിറ്റ് ഡ്രൈവ്ചെയ്ത് കൊണ്ടുപോയി തുടര്‍ന്ന് ഹോട്ടലില്‍ ഇറക്കിവിടുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. യാദവിനെതിരേ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യാദവിന്റെ കൂട്ടാളിക്കായി തിരച്ചില്‍ നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.












