ചുട്ടുപൊള്ളി കേരളം, വിയര്‍ത്തൊലിച്ച് ജനങ്ങള്‍
സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുകയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ഏറ്റവും കൂടുതലാണ്.
ഇവിടെ യുവി ഇന്‍ഡക്സ് 8 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചങ്ങനാശേരിയില്‍ യുവി ഇന്‍ഡക്സ് 7 രേഖപ്പെടുത്തി. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പുറംപണി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ ജോലി സമയം പുനക്രമീകരിച്ചിട്ടുണ്ട്.













