കെവി തോമസിൻ്റെ പ്രസ്താവന ഒന്നൊന്നര തമാശ: സംസ്ഥാനഘടകത്തിന് അച്ചടക്കനടപടി സ്വീകരിക്കാമെന്ന് കെസി വേണുഗോപാൽ
സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നുമുള്ള കെവി തോമസിന്റെ പ്രസ്താവന ഒന്നൊന്നര തമാശയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെ വി തോമസിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു കെ സി വേണുഗോപാലിൻ്റെ പ്രതികരണം. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പാര്‍ട്ടിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ കുട്ടിച്ചേർത്തു.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ കെ.വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്.
താൻ കോൺഗ്രസുകാരൻ തന്നെയെന്നും കോൺഗ്രസുകാരനായി തുടരുമെന്നുമായിരുന്നു കെ വി തോമസിൻ്റെ പ്രസ്താവന. പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിൽ പോകുമ്പോൾ പുറത്താക്കുമെന്ന് പറഞ്ഞിട്ടെന്തായി എന്നും ചോദിച്ചു. തന്നെ വളഞ്ഞിട്ട് തല്ലി പുറത്താക്കുകയാണെന്നും ബ്രിഗേഡുകളാണ് ഇപ്പോൾ പാർട്ടി ഭരിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു. എഐസിസിയേക്കാൾ വലുതാണോ ഇവിടുത്തെ കോൺഗ്രസുകാർ എന്നും കെവി തോമസ് ചോദിച്ചു. എഐസിസി എടുക്കുന്ന തീരുമാനത്തെ എതിർക്കുന്ന ഇവിടുത്തെ കോൺഗ്രസാണ് കോൺഗ്രസ് വിരുദ്ധമായി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയില്‍ പി. ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
Content Highlight: KPCC can take disciplinary action against KV Thomas: KC Venugopal