പാലാരിവട്ടത്തെ വിദ്വേഷപ്രസംഗം: പിസി ജോർജിൻ്റെ അറസ്റ്റ് തടയാതെ കോടതി; മുൻകൂർ ജാമ്യാപേക്ഷ 16ലേയ്ക്ക് മാറ്റി
പാലാരിവട്ടത്തെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പിസി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ച് കോടതി. അതേസമയം, ജോർജിൻ്റെ അറസ്റ്റ് തടയാനുള്ള നിർദ്ദേശം കോടതി നൽകിയിട്ടില്ല. അറസ്റ്റ് തടയണമെന്ന് ജോർജിൻ്റെ അഭിഭാഷകൻ വാദിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.
പാലാരിവട്ടത്തിനടുത്തുള്ള വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ പൊലീസ് കേസെടുത്തിരുന്നു പാലാരിവട്ടം പോലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ, 295 ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെണ്ണലയിൽ പിസി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.
എന്നാൽ തൻ്റെ പ്രസംഗത്തിൽ മതവിദ്വേഷമൊന്നുമില്ലെന്നായിരുന്നു പിസി ജോർജിൻ്റെ വാദം. പ്രസംഗം മുഴുവനായും കേട്ടാൽ അതിൽ അത്തരത്തിലൊന്നും കാണാൻ സാധിക്കില്ലെന്നും പ്രസംഗത്തിൻ്റെ ചില ഭാഗങ്ങൾ മാത്രം മുറിച്ച് പ്രചരിപ്പിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്നും ജോർജിൻ്റെ അഭിഭാഷകൻ വാദിച്ചു. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഒരു ഇടക്കാല ഉത്തരവിനായി അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഇതിന് തയ്യാറായില്ല.
അതേസമയം, തിരുവനന്തപുരത്ത് മതവിദ്വേഷം പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി വാദം കേൾക്കുന്നതിനായി കോടതി ഈ മാസം 17ലേയ്ക്ക് മാറ്റിവെച്ചു. പിസി ജോർജ് തുടർച്ചയായി ജാമ്യവ്യവസ്ഥകൾ ലംഘിക്കുകയാണെന്നും ജോർജിനെ നിയന്ത്രിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.