അല്പം വൈകിയെങ്കിൽ ഡൊണാൾഡ് ട്രംപിൻറെ ഹെലികോപ്റ്റർ തവിട് പൊടിയായേനെ; പ്രസിഡൻറ് കയറിയ ഹെലികോപ്റ്റർ മറ്റൊരു വിമാനവുമായി അകലം പാലിക്കാത്തതിൽ അന്വേഷണം തുടങ്ങി
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഞ്ചരിച്ചിരുന്ന പ്രസിഡന്‍ഷ്യല്‍ ഹെലികോപ്റ്റര്‍ ആയ മറൈന്‍ വണ്‍ സര്‍വീസിനിടെ ഉണ്ടായ വ്യോമസുരക്ഷാ വീഴ്ചയില്‍ ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈറ്റ് ഹൗസിന് സമീപത്തെ എലിപ്സില്‍ നിന്ന് ഡൊണാൾഡ് ട്രംപുമായി മറൈന്‍ വണ്‍ പുറപ്പെട്ടപ്പോള്‍ നിലവിലുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പറയുന്നത്.
ഉച്ചയ്ക്ക് രണ്ടര മണിയോടെ ട്രംപിനെ കയറ്റി മറൈന്‍ വണ്‍ ഹെലികോപ്റ്റർ, മെറിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസിലേക്ക് പുറപ്പെടുന്നതിനിടെയാണ് സംഭവം. പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന് മൂന്ന് മിനിറ്റ് മുമ്പ് സമീപത്തെ റൊണാള്‍ഡ് റീഗണ് വാഷിങ്ടണ്‍ നാഷണല്‍ വിമാനത്താവളത്തിലെ എല്ലാ വാണിജ്യ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നതാണ് സുരക്ഷാ ചട്ടം. എന്നാല്‍ ഇത്തവണ അത് നടപ്പാക്കിയിരുന്നില്ല.
എയര്‍ ട്രാഫിക് കണ്ട്രോള് ആശയവിനിമയ രേഖകള്‍ പ്രകാരം, പറന്നുയരുന്നതിന് മൂന്ന് മിനിറ്റ് മുമ്പ് മറൈന്‍ വണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സാങ്കേതിക കാരങ്ങളാല്‍ ഇത് കൃത്യമായി ലഭ്യമായില്ല. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് റീജണല്‍ വിമാനവും മറൈന്‍ വണും തമ്മില്‍ നിശ്ചിത സുരക്ഷാ അകലം താല്‍ക്കാലികമായി കുറഞ്ഞതായി എഫ് എ എ യുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍ ട്രംപിന്റെ ഹെലികോപ്ടറിന് ഒരുഘട്ടത്തിലും അപകടസാധ്യത ഉണ്ടായിരുന്നില്ലെന്ന് തന്നെയാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ പൈലറ്റുമാരാണ് മറൈന്‍ വണ്‍ നിയന്ത്രിക്കുന്നതെന്നും പ്രസിഡന്റ് ഒരിക്കലും അപകടാവസ്ഥയിൽ ആയിരുന്നില്ല എന്നും വൈറ്റ് ഹൌസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. വാണിജ്യ വിമാനവും മറൈന്‍ വണും തമ്മില്‍ അപകടകരമായഅടുപ്പം ഉണ്ടായിട്ടില്ലെന്നും എഫ്എഎ അറിയിച്ചു.
ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് ബേസിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് എംബ്രയേര്‍ ഇ വൺ സെവന്റി വിമാനമാണ് ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടുത്തേക്ക് വന്നത്. കാലിഫോര്‍ണിയയിലേക്ക് പോകുകയായിരുന്ന ട്രംപിന്റെ മറൈന്‍ വണും ഈ വിമാനവും തമ്മില്‍ ഒരു മൈലില്‍ കുറഞ്ഞ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അന്താരാഷ്ട്ര മാധ്യമമായ ദ ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡും അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക പരിശോധന തുടരുകയാണെന്നും അന്വേഷണഫലത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചു.
സംഭവത്തില്‍ അമേരിക്കന്‍ എയര്‍ലൈനുകളും മറൈന്‍ വണ്‍ നിയന്ത്രിക്കുന്ന യുഎസ് മറൈന്‍ കോര്‍പ്സും പ്രതികരിച്ചിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി വിമാനങ്ങള്‍ തമ്മില്‍ ഒന്നരമൈൽ പാരലൽ ആയും അഞ്ഞൂറ് അടി വെർട്ടിക്കൽ ആയും വ്യത്യാസമുണ്ടാകണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ദൂരം ഒരു മൈലിലേക്ക് എത്തിയതിലാണ് അന്വേഷണം നടക്കുന്നത്













