ഹോങ്കോങിനെ തകർത്ത് വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ സെമിയിൽ
വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങിനെതിരേ കൂറ്റൻ ജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ജയത്തോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ വനിതകൾ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. ഹോങ്കോങിന്റെ മറുപടി വെറും 56 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് 137 റൺസിന്റെ വൻ ജയം. സ്കോർ: ഇന്ത്യ – 5ന് 193 (20 ഓവർ). ഹോങ്കോങ് 16.2 ഓവറിൽ 56ന് ഓൾ ഔട്ട്.
സ്മൃതി മന്ധാനയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മന്ധാന 64 പന്തിൽ 14 ഫോറും 7 സിക്സും സഹിതം 124 റൺസെടുത്തു. മൂന്ന് വിക്കറ്റുകൾ നേടിയ ദീപ്തി ശർമ, രണ്ട് വീതം വിക്കറ്റുകളുമായി നന്ദനി ശർമ, ശ്രീചരണി, പ്രേമ റാവത്ത് എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ഇതോടെ മന്ധാന മാറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുംകൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന ചരിത്ര നേട്ടവും സ്മൃതി സ്വന്തമാക്കി. 18 സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. 17 സെഞ്ച്വറികളുള്ള ഓസീസ് താരം മെഗ് ലാന്നിങ്ങിനെയാണ് സ്മൃതി മറികടന്നത്. താരം തകർത്തടിച്ചതോടെ 18ാം ഓവറിൽ 21 റൺസ് പിറന്നു. അവസാന ഓവറിൽ മന്ധാന റണ്ണൗട്ടായി മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 190 ലെത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഹോങ്കോങ് നിരയിൽ ക്യാപ്റ്റൻ നതാഷ മൈൽസും (15) വിക്കറ്റ് കീപ്പർ യസ്മിൻ ദാസ്വനിയും (11) മറീന ലാംപ്ലോയും (14) മാത്രമാണ് രണ്ടക്കം കടന്നത്. രണ്ട് പേർ പൂജ്യത്തിലും മൂന്ന് പേർ ഒരു റണ്ണെടുത്തും മടങ്ങിയതോടെ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി.













