പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ടി20യിലും ഇന്ത്യക്ക് വിജയം
സിംബാബ്വെയ്ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ടി20യിൽ 35 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 31 പന്തിൽ നിന്നായിരുന്നു വൈഭവ് ഇന്ത്യയ്ക്കായി മത്സരത്തിൽ അർധസെഞ്ചുറി കുറിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മുന്നേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
മത്സരത്തിൽ നാല് സിക്സറുകളും എട്ട് ബൗണ്ടറികളും അടക്കം 49 പന്തിൽ നിന്ന് 81 റൺസാണ് താരം സ്വന്തമാക്കിയത്. മികച്ച ഫോമിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന വൈഭവിനെ ഒരു അസാധ്യ ക്യാച്ചിലൂടെ ബ്രാഡ് ഇവാൻസ് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇന്ത്യക്കായി ഇഷാൻ കിഷൻ 29 റൺസും ശ്രേയസ് അയ്യർ 27 റൺസും റിങ്കു സിംഗ് 25 റൺസും നേടിയിരുന്നു. സിംബാബ്വെക്കായി ബ്രാഡ് ഇവാൻസ് രണ്ടും ബ്ലസിങ് മുസറബാനി, വെസ്ലി, നായകൻ സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് എത്തിയ സിംബാബ്വെ നിരയിൽ റയാൻ അർധസെഞ്ചുറിയോടെ തിളങ്ങി. മറ്റാർക്കും തന്നെ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റുകളും യഷ് താക്കൂർ രണ്ട് വിക്കറ്റുകളും അശോക് ശർമ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വൈഭവാണ് കളിയിലെ താരം. പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്.













