പൊതുതാല്പര്യ ഹർജികളെ പരിഹാസ്യമാക്കരുത്; താജ്മഹലിൻ്റെ മുറികൾ തുറക്കാൻ ഹർജി നൽകിയ ബിജെപി നേതാവിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി
താജ്മഹലിലെ അടച്ചിട്ട 20 മുറികൾ തുറക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹർജി സമർപ്പിച്ച ബിജെപി നേതാവിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പൊതുതാല്പര്യഹർജികളെ ഇത്തരത്തിൽ അപഹാസ്യമാക്കരുതെന്ന് കോടതി വിമർശിച്ചു.
“നാളെ നിങ്ങൾ ജഡ്ജിമാരുടെ ചേംബറുകളിൽ പോകണമെന്നാവശ്യപ്പെട്ട് ഹർജിയുമായി വരുമല്ലോ? പൊതുതാല്പര്യ ഹർജി എന്ന സംവിധാനത്തെ പരിഹാസ്യമാക്കരുത്.” കോടതി പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലാണ് ബിജെപിയുടെ ഉത്തർപ്രദേശിലെ യൂത്ത് മീഡിയ ഇൻ ചാർജ് ആയ രജനീഷ് സിങ് ഹർജി സമർപ്പിച്ചത്. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന് ചരിത്രകാരന്മാര് വരെ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ എല്ലാ ദുരൂഹതകളും മാറ്റാന്‍ സമഗ്രമായ ചരിത്ര പഠനത്തിന് ഉത്തരവിടണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. താജ്മഹലിലെ അടച്ചിട്ട ഇരുപത് മുറികളില്‍ ശിവക്ഷേത്രം ആയിരുന്നുവെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. അതിനാല്‍ ഇത് സംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാൽ രജനീഷിൻ്റെ ഹർജിയിലെ ആവശ്യങ്ങൾ നിരാകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു. ഇത്തരം വിഷയങ്ങളില്‍ കോടതിക്ക് ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡികെ ഉപാധ്യായ, സുബാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇത്തരം വിഷയങ്ങൾ സ്വീകരണമുറികളിൽ ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ കോടതിമുറികൾ അതിനുള്ളതല്ലെന്നും കോടതി പറഞ്ഞു. ഹര്ജിക്കാരന് ആദ്യം എംഎയ്ക്ക് ചേരണം. തുടര്‍ന്ന് ജെആര്‍എഫ് കിട്ടാന്‍ ശ്രമിക്കണം. ഈ വിഷയത്തില്‍ പിഎച്ച്ഡി ചെയ്യണം. അതിന് ഏതെങ്കിലും യൂണിവേഴ്സിറ്റി അനുമതി നല്കുന്നില്ലെങ്കില് ഹര്ജിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് പറഞ്ഞു.
Content Highlight: Allahabad HC rejects PIL to open Taj Mahal rooms