എൽ.കെ അദ്വാനി ആശുപത്രിയിൽ; നെഞ്ചിലെ അണുബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ
മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തൊണ്ണൂറ്റിയെട്ടുകാരനായ എൽ.കെ അദ്വാനിയെ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ പൾമൊണോളജി വിഭാഗത്തിലേക്ക് മാറ്റി. വാർധക്യസഹജമായ ബുദ്ധിമുട്ടുകളും നെഞ്ചിലെ അണുബാധയും കണക്കിലെടുത്ത് വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് പൾമൊണോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആവശ്യമായ മെഡിക്കൽ പരിശോധനകൾ പുരോഗമിക്കുകയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.













