സിംബാബ്വെയെ തകർത്ത് ഇന്ത്യൻ വനിതകൾ; ആദ്യ ടി20യിൽ നാല് വിക്കറ്റ് ജയം
സിംബാബ്വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ സിംബാബ്വെയെ പരാജയപ്പെടുത്തിയത്. സ്മൃതി മന്ദാന മുഴുവൻ സമയ കാപ്റ്റനായി ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.
ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. എന്നാൽ, മധ്യനിരയിൽ ദീപ്തി ശർമയും അരങ്ങേറ്റ മത്സരം കളിച്ച നികി പ്രസാദും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 15.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.













