വായ്പ തടഞ്ഞ് കേന്ദ്രം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
വായ്പ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം നടപടി എടുത്തില്ലെങ്കിൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവിനൊപ്പം വായ്പയെടുപ്പ് കൂടി അനിശ്ചിതത്വത്തിലായാൽ സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ കേരളം സാമ്പത്തിക പ്രതിസന്ധി നേരിടും.
കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിർദ്ദേശമാണ് തിരിച്ചടിയായിരിക്കുന്നത്.കേന്ദ്ര നീക്കത്തിന് എതിരെ കേരളം എതിർപ്പ് പ്രകടിപ്പിച്ചു. സംസ്ഥാനങ്ങളെ യോജിപ്പിച്ച് സംയുക്തനീക്കം ആലോചിക്കുകയാണ് കേരളം.
പൊതുമേഖലാ സ്ഥാപനങ്ങളോ, കിഫ്ബിയോ എടുക്കുന്ന വായ്പകളെ സംസ്ഥാന സർക്കാരുകളുടെ വായ്പ്പാ പരിധിയിൽ കണക്കാക്കാൻ കഴിയില്ലെന്നാണ് കേരളത്തിന്റെ നിലപാട്.വായ്പ തടഞ്ഞ് കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് കേരളം ഇതിനകം മറുപടി നൽകിയിട്ടുണ്ട്.
ആഭ്യന്തര വരുമാനത്തിന്റെ മൂന്നര ശതമാനം തുകയാണ് സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനാവുക.ഇതനുസരിച്ച് കേരളത്തിന് ഈ വർഷം 32450 കോടി രൂപ വായ്പെയെടുക്കാം.വായ്പയെടുക്കുന്ന തുക, റവന്യൂ കമ്മി പരിഹരിക്കുന്നതിന് കേന്ദ്രം നൽകുന്ന തുക, സംസ്ഥാനത്തിന്റെ നികുതി വരുമാനം എന്നിവയെ ആശ്രയിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. അതിനാൽ വായ്പ എടുക്കുന്നത് മുടങ്ങിയാൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.