നഴ്സിങ് കോളേജിലെ ലൈംഗിക അധിക്ഷേപം; ചേര്‍ത്തല എസ് എച്ച് കോളേജ് വൈസ് പ്രിന്‍സിപ്പാളിന് സസ്പെന്ഷന്
ആലപ്പുഴ ചേര്‍ത്തല എസ് എച്ച് നഴ്സിങ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയ വൈസ് പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ച്ചയായി പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് നഴ്സിംഗ് കൗണ്‍സിലിന്റെ നടപടി ഉണ്ടായത്. പരാതികള്‍ ലഭിച്ചിട്ടും യാതൊരു വിധ നടപടികളും സ്വീകരിക്കാതെയിരുന്ന കോളേജ് അധികൃതര്‍ക്കെതിരെയും നടപടി വന്നേക്കാം.
വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കോളേജിനെതിരെ ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ചു നടന്നാല്‍ സ്വവര്‍ഗാനുരാഗികളെന്ന് ചിത്രീകരിക്കുന്ന സ്വഭാവം വൈസ് പ്രിന്സിപ്പാളിനുണ്ടെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ വിദ്യാര്‍ത്ഥികളെകൊണ്ട് അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന് തിയേറ്ററിലെ കക്കൂസും വരെ വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍ പോകാന്‍ പോലും അനുവദിക്കാറില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
വിശ്വസിക്കാന്‍ പ്രയാസമുള്ള തരത്തില്‍ ഞെട്ടിക്കുന്നതാണ് വിദ്യാര്‍ത്ഥികളുടെ ഓരോ വരിയും. കോളേജ് ഇവര്‍ക്ക് ജയിലിന് സമാനമെന്നാണ് പരിശോധനയില്‍ നഴ്സിംങ് കൗണ്‍സിലിന്റെ കണ്ടെത്തല്‍. ക്ലിനിക്കല്‍ ഡ്യൂട്ടിയിലുള്ള കുട്ടികള്‍ ലേബര്‍ റൂമിലെയും സര്‍ജിക്കല്‍ വാര്‍ഡിലെയും ഓപ്പറേഷന് തിയേറ്ററിലെയും വരെ വാഷ്ബേസിനും ടോയ്ലറ്റും വൃത്തിയാക്കണം. അവധി ദിനത്തില്‍പ്പോലും പുറത്തോ വീട്ടിലോ പോകാനാകില്ല. പോയാല്‍ പിഴവരെ ഈടാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.
മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും നടന്നെന്ന് നഴസിങ് കൗണ്‍സിലിന് ബോധ്യമായതിനെ തുടര്‍ന്നാണ് സര്‍വകലാശാലയുടെ കൂടി ഇടപെടല്‍ കൗണ്‍സില്‍ തേടിയത്. ഈ സാഹചര്യത്തിലാണ് ഇന്ന് ആരോഗ്യ സര്‍വകലാശാലയിലെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പിടിഎ യോഗം ചേര്‍ന്ന് വൈസ് പ്രിന്‍സിപ്പാളിനെതിരെ നടപടിയെടുത്തത്.