ഡല്‍ഹി തീപ്പിടുത്തം; മരിച്ചവരുടെ എണ്ണം 27 ആയി ; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ്
ഡല്‍ഹി മുണ്ട്കയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ആളുകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആറ് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീപൂര്‍ണ്ണമായി അണച്ചത്.
മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി കാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്. കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.
കെട്ടിടത്തില്‍ ഇരുന്നോറോളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടൂതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പൊലീസും രക്ഷാപ്രവര്‍ത്തകരും പരിശോധന തുടരുകയാണ്. സംഭവത്തില്‍ കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് . മൃതദേഹങ്ങളില്‍ പലതും ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണ്ണമായി കത്തിയ നിലയിലാണ്. ആളുകളെ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കമ്പനി ഉടമകളായ വരുണ്‍ ഗോയല്‍, സതീഷ് ഗോയല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ അനുശോചിച്ചു.
Content Highlight – Delhi, Massive Fire in Mundka, 27 killed