തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം
തോമസ് കപ്പ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യോനോഷ്യയെ അട്ടിമറിച്ചാണ് ഇന്ത്യ ആദ്യ കപ്പ് ഉയര്‍ത്തുന്നത്. 14 വര്‍ഷം കപ്പ് നേടിയ ഇന്ത്യോനോഷ്യയെ 3-0ന് ഇന്ത്യ പരാജയപ്പെടുത്തി. ബാങ്കോക്കില്‍ നടന്ന ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം ഉറപ്പിച്ചാണ് ഇന്ത്യ കിരീട നേട്ടത്തിലേക്ക് ചുവട് വെച്ചത്.
ആദ്യ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ വിജയിച്ചപ്പോള്‍ പിന്നാലെ നടന്ന പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം വിജയിച്ചു. രണ്ടാം സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും വിജയം സ്വന്തമാക്കിയിരുന്നു. ക്വാര്‍ട്ടറിലും സെമിയിലും അവിശ്വസനീയ വിജയം സമ്മാനിച്ച മലയാളി താരം എച്ച് എസ് പ്രണോയി ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം കൈവരിച്ചതിനാല്‍ പ്രണോയിക്ക് ഫൈനലില്‍ ഇറങ്ങേണ്ടി വന്നില്ല.
ചരിത്രത്തിലാദ്യമായിട്ടാണ് തോമസ് കപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കുന്നത്. ആദ്യ ഫൈനലില്‍ തന്നെ അത്യുജ്ജല പോരാട്ടം നടത്തിയാണ് ഇന്ത്യ കന്നിക്കിരീടത്തില്‍ മുത്തമിട്ടത്.
Content Highlight – India wins Thomas Cup Badminton title