സംസ്ഥാനത്ത് നാളയും അതിതീവ്ര മഴ; 5 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. അഞ്ച് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട് യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത അഞ്ചു ദിവസം കൂടി കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരള തീരത്ത് മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ വിലക്കേര്പെടുത്തിയിട്ടുണ്ട്.
തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മധ്യകേരളത്തില്‍ പലയിടങ്ങളിലും വെള്ളം കയറുകയും ഗതാഗതം തടസ്സപെടുകയും ചെയ്തു. കൂടാതെ വീടുകളില്‍ വെള്ളം കയറി ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. കാലവര്‍ഷം എത്താന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് തുടര്‍ച്ചയായ മഴ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നത്.
മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും മുന്‍കരുതലെടുക്കാന്‍ റവന്യൂ മന്ത്രി കെ രാജന് നിര്‍ദ്ദേശം നല്കി. മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധനമടക്കമുള്ള കാര്യങ്ങളില്‍ കളക്ടര്‍ തീരുമാനമറിയിക്കും. രാത്രി യാത്രകളും ജലശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
Content Highlight – Heavy rain in Kerala Tomorrow Red Alert in 5 districts