ശരത് പവാറിനെതിരെ പോസ്റ്റിട്ടു; BJP നേതാവിനെ ഓഫീസിൽ കയറി തല്ലി NCP പ്രവർത്തകർ
എൻ സി പി നേതാവ് ശരത് പവാറിനെതിരെ നവമാധ്യമത്തിൽ പോസ്റ്റിട്ട ബിജെപി നേതാവിനെ ഓഫീസിൽ കയറി തല്ലി എൻ സി പി പ്രവർത്തകർ. മഹാരാഷ്ട്രയിലാണ് സംഭവം. ബിജെപി വക്താവ് വിനായക് അംബേദ്കറിനാണ് മർദനത്തിൽ പരിക്കേറ്റത്. പ്രകോപിതരായ എൻ സി പി പ്രവർത്തകർ ഓഫിസിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും വിനായകിനെ മർദിക്കുന്നതിന്റെയും ദൃശ്യങ്ങൾ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പുറത്തുവിട്ടു.
സംഘമായെത്തിയ എൻ സി പിക്കാർ മറ്റ് പ്രകോപനങ്ങൾ ഇല്ലാതെയാണ് ഓഫീസിൽ കയറി ആക്രമണം നടത്തിയത്. സംഭവത്തെ ബിജെപി സംസ്ഥാന നേതൃത്വം അപലപിച്ചു. ഓഫീസിലെത്തിയ എൻ സി പിക്കാർ ഓഫീസിൽ ക്ഷുഭിതരായി സംസാരിക്കുന്നതും തുടർന്ന് വിനായകിന്റെ മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇരുപത്തിനാല് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടത്. വീഡിയോ ഉൾപ്പെടെ ചേർത്താണ് ചന്ദ്രകാന്ത് പാട്ടീൽ ട്വീറ്റ് ചെയ്തത്.
പോസ്റ്റിന്റെ പേരിൽ ഇത്തരത്തിൽ ആക്രമണം അഴിച്ചുവിട്ട എൻ സി പി ക്കെതിരെ നടപടി വേണമെന്ന് ആവശ്യവുമായി ബിജെപി നേതൃത്വം പൊലീസിനെ സമീപിച്ചിരിക്കുകയാണ്. പവാറിനെതിരെ പോസ്റ്റിട്ട സംഭവത്തിൽ ഒരു മാറാഠി നടിയെയും വിദ്യാർഥിയെയും നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നടിയെ മെയ് 18 വരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവർക്കെതിരെ മുംബൈയിലും താനെയിലുമായി അഞ്ച് കേസുകളാണ് എൻ സി പി പ്രവർത്തകരുടെ പരാതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Content Highlight: NCP worker slaps BJP leader Vinayak Ambekar over social media post against Sharad Pawar.