സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപനം ഇന്ന്
സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ഒടിടി പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപനം ഇന്ന്. പ്ലാറ്റ്ഫോമിന്റെ പേരും ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. തിരുവനന്തപുരം കലാഭവന്‍ തീയേറ്ററില്‍ രാവിലെ 10 മണിക്കാണ് പരിപാടി. കെഎസ്എഫ്ഡിസിയാണ് സര്‍ക്കാരിന് വേണ്ടി ഒടിടി പ്ലാറ്റ്ഫോം തയ്യാറാക്കിയത്.
പേ പെര് വ്യൂ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ കാഴ്ചക്കാരുടെ എണ്ണമനുസരിച്ചായിരിക്കും നിര്‍മാതാവിന് വരുമാനം ലഭിക്കുക. നവംബര്‍ 1 മുതല്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമില്‍ സിനിമകള്‍ കാണാനാകും. ഇതോടെ സര്‍ക്കാരിന് കീഴില്‍ ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ അടഞ്ഞു കിടന്നപ്പോളാണ് സിനിമകളുടെ റിലീസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇത്തരം ഒരു പ്ലാറ്റ്ഫോമിനെക്കുറിച്ച് ആലോചിച്ചത്. മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒടിടി റിലീസ് എളുപ്പമായിരുന്നെങ്കിലും തീയേറ്ററുകള്‍ ലഭിക്കാത്ത കലാമൂല്യമുള്ള ചിത്രങ്ങളും ചിത്രാഞ്ജലി പാക്കേജില്‍ നിര്‍മിച്ച ചിത്രങ്ങളും പ്രതിസന്ധിയിലായിരുന്നു.
ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം നിലവില്‍ വരുന്നത്. നിര്‍മാതാക്കളില്‍ നിന്ന് സിനിമകള്‍ വിലകൊടുത്തു വാങ്ങുന്ന രീതിക്ക് പകരം കാഴ്ചക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള വരുമാനം സര്‍ക്കാരും നിര്‍മാതാക്കളും പങ്കുവെക്കുന്ന വിധത്തിലായിരിക്കും പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുക.
Content Highlight: Kerala Government starts OTT platform