ആലുവയില്‍ തോക്കുചൂണ്ടി കാര്‍ കടത്തിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍
ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍. പറവൂര്‍ വെടിമറ കാഞ്ഞിരപ്പറമ്പ് വീട്ടില്‍ അന്‍ഷാദ് (30)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് അന്‍ഷാദ്. ഇയാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളില്‍ മോഷണവും പിടിച്ചുപറിയുമുള്‍പ്പെടെ മുപ്പത്തിരണ്ട് കേസുകളിലെ പ്രതിയാണ്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി പറവൂരിലെ ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവേയാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായണ് ഇയാളെ പിടികൂടിയത്.
പ്രധാന പ്രതിയായ മനാഫിന്റെ സഹായിയാണ് ഇയാള്‍. ക്വട്ടേഷന്‍ കൊടുത്ത മുജീബ് ഉള്‍പ്പെടെ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാന്‍സ് തട്ടിയെടുക്കാന്‍ മുജീബ് തന്നെ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ക്വട്ടേഷന്‍ കൊടുത്ത് ഹാന്‍സും കാറും തട്ടിയെടുത്ത് മറച്ചു വില്‍ക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം. മാര്‍ച്ച് 31ന് പുലര്‍ച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് സംഭവം.
ഹാന്‍സുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച ശേഷം ഇയാളെ കളമശ്ശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. വാഹനങ്ങളും, ഹാന്‍സും നേരത്തെ കണ്ടെടുത്തു.
എസ്.എച്ച്.ഒ എല്‍.അനില്‍കുമാര്‍, എസ്.ഐ മാരായ എസ്.ഷമീര്‍, വി.എല്‍.ആനന്ദ്, സി.പി.ഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം.മനോജ്, കെ.അയൂബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Content Highlight – Car hijacking incident in Aluva; One of the main accused arrested