വിജയ് ബാബു കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടും? നിയമോപദേശം തേടി പോലീസ്
ബലാല്‍സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്ക് മുങ്ങിയ നടനും നിര്‍മാതാവുമായ വിജയ് ബാബു കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടെത്താന്‍ നീക്കം. പോലീസ് ഇതിനായി നിയമോപദേശം തേടി. 24-ാം തിയതിക്കുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചിരുന്നു. പാസ്പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നതിനാല്‍ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയയില്‍ വിജയ് ബാബു ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ നീക്കം തുടരുകയാണ്. ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസിയില്ലാത്തതിനാല്‍ അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
ഇതിനിടെ വിജയ് ബാബുമായുള്ള കരാറില്‍ നിന്ന് ഒടിടി കമ്പനികള്‍ പിന്മാറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു വെബ് സീരീസിനു വേണ്ടി ഇയാളുമായി 50 കോടി രൂപയുടെ കരാറിലേര്‍പ്പെട്ട കമ്പനി പിന്മാറിയതായാണ് വിവരം. മറ്റു കമ്പനികളും കേസിന്റെ വിശദാംശങ്ങള്‍ പോലീസില്‍ നിന്ന് തേടിയിട്ടുണ്ട്.
Content Highlight: Police seeks legal opinion to confiscate vijay babus properties