വ്ളാഡിമിര്‍ പുടിന് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; വെളിപ്പെടുത്തലുമായി യുക്രൈന് സൈനിക ഉദ്യോഗസ്ഥന്
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി വെളിപ്പെടുത്തല്‍. യുക്രൈന് ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി കിരിലോ ബുദനോവ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. റഷ്യ-യുക്രൈന് യുദ്ധം ആരംഭിച്ച സമയത്തായിരുന്നു ഇത്. കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയില്‍ വെച്ചായിരുന്നു സംഭവം. ‘യുക്രൈന്‍സ്ക പ്രവ്ദ’യ്ക്ക് നല്കിയ അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.
എന്നാല്‍ ഈ അവകാശവാദം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ പുടിനുമായി വളരെ കുറച്ചു പേര്‍ക്കു മാത്രമേ അടുത്തിടപെടാന്‍ അനുവാദമുള്ളുവെന്നാണ് ബുദനോവ് പറയുന്നത്. എല്ലാക്കാലവും അധികാരത്തില്‍ തുടരാമെന്നുള്ള വ്യാമോഹമാണ് പുടിനെങ്കിലും എല്ലാ ഏകാധിപതികള്‍ക്കും സംഭവിച്ചത് പുടിനും സംഭവിക്കുമെന്നും ബുദനോവ് പറഞ്ഞു.
പുടിന് ക്യാന്‍സര്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നുമുള്പ്പെടെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അടുത്തിടെ ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് പുടിന് വിധേയനാകുകയും ചെയ്തു. ഇതിനിടെയാണ് വധശ്രമം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്.
Content Highlight: putin escaped from assassination attempt