അതിജീവിതക്കെതിരെ എം എം മണിയും ; നാണം കെട്ട കേസെന്ന് പരിഹാസം
കൊച്ചിയിൽ നടിയ ആക്രമിച്ച കേസിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായി എം എം മണി. നാണം കെട്ട കേസാണിതെന്നാണ് എം എം മണി പറഞ്ഞത്. വിശദമായി പരിശോധിച്ചാൽ കേസിൽ പറയാൻ പറ്റാത്ത പലകാര്യങ്ങളുമുണ്ട്. ഇതിൽ മുഖ്യമന്ത്രിക്കോ സർക്കാറിനോ ഇനി കൂടുതലൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസെന്ന് പറഞ്ഞാൽ അത് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. അത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും പുറത്തുപറയാൻ പറ്റില്ല. കേസെടുത്ത് അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കോടതിയിൽ ഹാജരാക്കാനും നിലപാടെടുത്തോ എന്നാണ് നോക്കേണ്ടത്. ബാക്കിയൊക്കെ കോടതിയിലെ വിചാരണയുടെ അടിസ്ഥാനത്തിലാണ്.
ഇപ്പോൾ കുറേയധികം നാളുകളായി ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരന്തരം കേൾക്കുന്നു. ഇത് നാണംകെട്ട ഒരു കേസായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞ എം എം മണി കുറ്റാരോപിതനായ നടൻ ദിലീപിനെ പുകഴ്തുകയും ചെയ്തു. അങ്ങേർ നല്ല നടനായി ഉയർന്നുവന്ന ആളാണ്. ഈ കേസിലൊക്കെ ഇങ്ങേർ എങ്ങനെ വന്നുപെട്ടുവെന്നാണ് ആലോചിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ സർക്കാറിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ആക്ഷേപമുന്നയിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ സി പി എമ്മിലെ മുതിർന്ന നേതാക്കൾ നടിക്കെതിരെ തിരിഞ്ഞിരുന്നു. ആദ്യം നീക്കത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞത് ഇ പി ജയരാജനാണ്. പിന്നാലെ പി രാജീവും കോടിയേരി ബാലകൃഷ്ണനും നടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. അവസാനമായി രംഗത്തെത്തിയതാണ് എം എം മണി. സർക്കാറിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം ഇടപെടലിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.