കൃഷി നശിപ്പിക്കുന്നത് ഫാമിലെ പന്നികളെന്ന് മനേകാ ഗാന്ധി; മനേകയെ ചങ്ങലക്കിടണമെന്ന് താമരശ്ശേരി ബിഷപ്പ്
കേരളത്തില്‍ കൃഷി നശിപ്പിക്കുന്നത് ഫാമില്‍ വളര്‍ത്തുന്ന പന്നികളാണെന്ന് മനേകാ ഗാന്ധി. ഇറച്ചിക്കായി പന്നിയെ വളര്‍ത്തുന്ന നിരവധി ഫാമുകള്‍ കേരളത്തിലുണ്ട്. അവിടെനിന്നും രക്ഷപ്പെടുന്ന പന്നികളാണ് കൃഷി നശിപ്പിക്കുന്നതെന്ന വിചിത്ര വാദമാണ് മനേക ഉന്നയിക്കുന്നത്. കേരളത്തിലെ ആളുകള്‍ക്ക് കാട്ടുപന്നിയെയും ഫാമിലെ പന്നിയെയും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് തോന്നുന്നതെന്നും ഇവ രണ്ടും വ്യത്യസ്തയിനം ജീവികളാണെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഫാമുകള്‍ക്ക് കൂടുതല്‍ സുരക്ഷയേര്‍പ്പെടുത്തണമെന്നും മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മലയോര കര്‍ഷകര്‍ക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് മനേകയുടെ പ്രതികരണം. വേട്ടക്കാരാണ് ഈ ആവശ്യത്തിന് പിന്നിലെന്നും കര്‍ഷകരെ അവര്‍ ഒരു മറയായി ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇത്തരം ഉത്തരവുകള്‍ പ്രകൃതിദുരന്തം കൂട്ടാനേ ഉപകരിക്കുകയുള്ളുവെന്നും അവര്‍ വിശദീകരിച്ചു.
അതേസമയം മനേക ഗാന്ധിയെ ചങ്ങലയ്ക്കിടണമെന്നായിരുന്നു താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞത്. വലിയ വീട്ടിലെ സൗകര്യത്തില്‍ ജീവിക്കുന്ന മനേകാ ഗാന്ധിക്ക് എന്തും പറയാം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. തടയാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും ബിഷപ്പ് പറഞ്ഞു.
Content Highlight: Maneka Gandhi on wild boar issue