ഗ്യാൻവാപി മസ്ജിദ്: ഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ 4 ലേക്ക് മാറ്റി
ഗ്യാൻവാപി മസ്ജിദിൽ ദിവസവും ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുമതവിശ്വാസികളായ സ്ത്രീകൾ സമർപ്പിച്ച ഹർജിയിന്മേൽ വാദം കേൾക്കുന്നത് ജൂലൈ 4ആം തീയതിയിലേയ്ക്ക് മാറ്റിവെച്ച് വാരണാസി ജില്ലാ കോടതി.
കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശൃംഗാർ ഗൗരി സ്ഥൽ എന്ന സ്ഥലമുണ്ടെന്നും അതിൽ ആരാധന നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അഞ്ച് ഹിന്ദുമതവിശ്വാസികളായ വനിതകൾ ഹർജി നൽകിയത്. എന്നാൽ ഈ ഹർജി നിലനിൽക്കില്ലെന്നും ആരാധനാലയ നിയമം 1991 പ്രകാരം രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15-ന് നിലനിന്നിരുന്ന ആരാധനാലയങ്ങളുടെയൊന്നും മതപരമായ സ്വഭാവത്തിൽ മാറ്റം വരുത്താൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.
മസ്ജിദ് വഖഫ് സ്വത്തല്ലെന്ന ഹർജിക്കാരുടെ വാദത്തെയും മസ്ജിദ് കമ്മിറ്റി എതിർത്തു. 1937ലെ ദീൻ മുഹമ്മദ് കേസ് വിധിയിൽ കാശിവിശ്വനാഥക്ഷേത്രത്തിന്റെയും ഗ്യാൻവാപി മസ്ജിദിന്റെയും ഭൂമികൾ കൃത്യമായി വേർതിരിച്ചിരുന്നു. മസ്ജിദ് വളപ്പ് മുസ്ലിം വഖഫിന്റേതാണെന്നും, സമുദായ അംഗങ്ങൾക്ക് അവിടെ പ്രാർത്ഥിക്കാനുള്ള എല്ലാ അവകാശവുമുണ്ടെനും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. ഇന്ന് വാദമുഖങ്ങൾ അവസാനിക്കാത്തതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി.
അതേസമയം, ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന മേഖലയിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന ഹർജിയിൽ മസ്ജിദ് കമ്മിറ്റിയുടെ അടക്കം വാദം കേൾക്കാൻ വാരണാസി അതിവേഗ കോടതി തീരുമാനിച്ചു. അതിവേഗ കോടതിയിലെ ഹർജി ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും. കോടതി പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയത്. മാധ്യമങ്ങൾക്ക് കോടതിക്കുള്ളിൽ പ്രവേശനം വിലക്കി.
Content Highlights: Gyanvapi Masjid Case, Varanasi District Court, Places of Worship Act