ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്; ജൂണ്‍ 2ന് അംഗത്വമെടുക്കും
പതിദാര്‍ പ്രക്ഷോഭ നായകനും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്. ജൂണ്‍ 2ന് ഹാര്‍ദിക് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ഗുജറാത്ത് പിസിസി പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ മെയ് 18ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. സോണിയ ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു പട്ടേല്‍ ഉന്നയിച്ചത്.
മുതിര്‍ന്ന നേതാക്കള്‍ മൊബൈല്‍ ഫോണില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അവര്‍ക്ക് ചിക്കന്‍ സാന്‍ഡ് വിച്ച് നല്കുന്നതില് മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നുമായിരുന്നു വിമര്‍ശനം. 2019ല്‍ കോണ്‍ഗ്രസിലെത്തിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ ബിജെപിക്കെതിരായ പ്രക്ഷോഭങ്ങളുടെ കുന്തമുനയായിരുന്നു. അയോധ്യ വിധി, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തുടങ്ങിയ വിഷയങ്ങളില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് ഹാര്‍ദിക് പട്ടേല്‍.
താന്‍ മൂന്നു വര്‍ഷം കോണ്‍ഗ്രസില്‍ വെറുതെ കളയുകയായിരുന്നുവെന്നാണ് രാജിക്ക് ശേഷം ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്. ബിജെപിയിലോ ആംആദ്മിയിലോ ചേരുന്നതിനെക്കുറിച്ച് താന്‍ തീരുമാനം എടുത്തിട്ടില്ലെന്നും എന്നാല്‍ എന്തു തീരുമാനം എടുത്താലും അത് ജനങ്ങളുടെ താല്പര്യമനുസരിച്ചായിരിക്കുമെന്നും ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. അതേസമയം ഹാര്‍ദിക് കഴിഞ്ഞ രണ്ടു വര്‍ഷമായി ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: Hardik Patel, BJP, Congress, Gujrat