പ്രതി നാട്ടിലെത്തുന്നതിനെ എതിര്‍ക്കുന്നതെന്തിന്? വിജയ് ബാബുവിന്റെ അറസ്റ്റ് രണ്ടു ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
പീഡനക്കേസ് പ്രതിയായ വിജയ് ബാബുവിന്റെ അറസ്റ്റ് രണ്ടു ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. പ്രതി അറസ്റ്റ് ഭയന്നാണ് നാട്ടില്‍ വരാത്തത്. പ്രതി നാട്ടിലില്ലാത്തതിനാല്‍ മെറിറ്റില്‍ ഹര്‍ജി കേള്‍ക്കില്ല. വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു. അറസ്റ്റിനുള്ള വിലക്ക് ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
വിജയ് ബാബു ബുധനാഴ്ച കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാട്ടിലെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതി നാട്ടിലെത്തുകയെന്നതാണ് പ്രധാനം. എത്രയും വേഗം നാട്ടിലെത്തുകയാണെങ്കില് രണ്ടോ മൂന്നോ ദിവസത്തേക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും കോടതി അറിയിച്ചു. ഇതിനെതിരെ പ്രോസിക്യൂഷന് നിലപാടെടുത്തെങ്കിലും മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതുകൊണ്ട് എന്താണ് ഫലമെന്ന് കോടതി ചോദിച്ചു.
പ്രതി നാട്ടിലെത്തി നിയമത്തെ നേരിടട്ടെ. ജാമ്യം നിഷേധിച്ചാല്‍ വിജയ് ബാബു വിദേശത്തു തന്നെ തുടരുന്നതിലേക്ക് നയിക്കും. നാട്ടിലെത്തിയ ശേഷം ഹര്‍ജി തള്ളുകയാണെങ്കില്‍ അറസ്റ്റ് ചെയ്യാം. പ്രതി നാട്ടിലെത്തുന്നതിനെ എതിര്‍ക്കുന്നത് പ്രതിക്കു വേണ്ടി സംസാരിക്കുന്നതിന് തുല്യമാണ്. പ്രതിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നതില്‍ പ്രോസിക്യൂഷന് പിടിവാശി കാണിക്കരുത്. ഇത് ഈഗോയുടെ പ്രശ്നമല്ലെന്നും പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം കൊച്ചിയിലേക്കുള്ള മടക്ക ടിക്കറ്റ് റദ്ദാക്കി. പിന്നീട് ബുധനാഴ്ച എത്തുമെന്ന് അറിയിക്കുകയായിരുന്നു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
Content Highlight: Vijay Babu, Rape, High Court, Bail Petition