പ്രയാഗ്രാജിൽ വാഹനാപകടം; പത്ത് ഭക്തർ മരിച്ചു

പ്രയാഗ്രാജിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയ പത്ത് തീർഥാടകർ മരിച്ചു. 19 പേർക്ക് പരുക്കേറ്റു. പ്രയാഗ്രാജ്-മിർസാപുർ ഹൈവേയിൽ മെജയിൽ വച്ചായിരുന്നു അപകടം. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽനിന്നു ത്രിവേണീ സംഗമ സ്നാനത്തിനു പോകുകയായിരുന്നു ഇവർ.
മധ്യപ്രദേശിലെ രാജ്ഗഡിൽനിന്നു വന്ന ബസാണ് കാറിലിടിച്ചത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരുക്കേറ്റവർക്കു ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. ഈ ആഴ്ച ആദ്യം, മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ, മഹാകുംഭമേള കഴിഞ്ഞ് മടങ്ങിയ ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 പേർ മരിച്ചിരുന്നു.