കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ച മൂന്നുപേര്‍ ഉറ്റസുഹൃത്തുക്കള്‍
കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ 3 പേർ ഉറ്റ സുഹൃത്തുക്കള്‍.
രാത്രിയാത്രയ്ക്കിറങ്ങിയ സുഹൃത്തുക്കള്‍ അറിഞ്ഞിരുന്നില്ല ഇത് അവസാന യാത്രയാകുമെന്ന്. കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷ് ഓട്ടോഡ്രൈവറാണ്. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും.
രാത്രി പത്തുവരെ ഇവരില്‍ 3 പേരെയും കോങ്ങാട് ടൗണില്‍ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാർ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണു മരിച്ച 3 പേരെയും തിരിച്ചറിഞ്ഞത്. കോങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സലാണ് കൂടെയുണ്ടായിരുന്ന മറ്റൊരാള്‍. ഒരാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സുഹൃത്തുക്കള്‍ രാത്രി യാത്രയ്ക്ക് ഇറങ്ങിയതാകാമെന്നാണു നാട്ടുകാർ പറയുന്നത്. കാർ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
അപകടം നടന്നത് കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ റോഡിലാണ്. മറ്റു വാഹനങ്ങളും അപകടത്തില്‍പെട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള സാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ രാത്രിയിലെ മഴയില്‍ ഗതാഗതത്തിരക്കു കുറവായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും പൊലീസ് പറഞ്ഞു.
അപകട വിവരമറിഞ്ഞ ഉടനെ തന്നെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അപകട സ്ഥലത്തേക്കും ജില്ലാ ആശുപത്രിയിലേക്കും ഓടിയെത്തി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്ബില്‍, കെ.ശാന്തകുമാരി എംഎല്‍എ, നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളായ രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ.പി.സരിൻ എന്നിവർ സ്ഥലത്തെത്തി.