ഷൊർണൂരില്‍ കേരള എക്സ്പ്രസ് ട്രെയിൻ തട്ടി ഉണ്ടായ അപകടത്തില്‍ കാണാതായ തമിഴ്നാട് സ്വദേശിക്കായി ഇന്നും തിരച്ചില്‍ തുടരും.
അപകടത്തില്‍ പുഴയിലേക്കാണ് ഒരാള്‍ ചാടിയത്. പാലക്കാട് നിന്ന് എത്തുന്ന സ്ക്കൂബ ടീം ആകും തിരച്ചില്‍ നടത്തുക. ഇന്നലെ വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും മോശം കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തനം നിർത്തി വെക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ട്രെയിൻ തട്ടിയുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളികളായ മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തത്. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കവെയായിരുന്നു അപകടം. തൊഴിലാളികളെ എത്തിച്ച കരാറുകാരനെതിരെ നിയമ നടപടി തുടങ്ങിയിട്ടുണ്ട്.