അയല്‍വാസിയുടെ പുരയിടത്തില്‍നിന്ന് വീടിന്റെ മുകളിലേക്ക് വീണ മരം കളക്ടറുടെ നിർദേശത്തെ തുടർന്ന് പഞ്ചായത്ത് വെട്ടിമാറ്റി

അയല്‍വാസിയുടെ പുരയിടത്തില്‍നിന്ന് വീടിന്റെ മുകളിലേക്ക് വീണ മരം സ്ഥലം ഉടമ മരം മുറിച്ചു നീക്കാൻ വിസമ്മതിച്ചതോടെ ഇടപെട്ടു കലക്റ്റർ
കളക്ടറുടെ നിർദേശത്തെ തുടർന്ന് പഞ്ചായത്ത് വെട്ടിമാറ്റി. സ്ഥലം ഉടമ മരം മുറിച്ചു നീക്കാൻ വിസമ്മതിച്ചതോടെയാണ് പഞ്ചായത്ത് മരം മുറിക്കാൻ തീരുമാനിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ചമ്ബക്കര കുറുപ്പൻകവല മാക്കിഭാഗത്ത് തുണ്ടിയില്‍ ടി.ടി. മുരുകന്റെ വീടിന് മുകളില്‍ അയല്‍വാസിയുടെ പറമ്ബില്‍ നിന്ന ചാര് മരം പിഴുതുവീണത്. മുരുകന്റെ വീടിന് സാരമായ നാശനഷ്ടമുണ്ടായി. മുകള്‍ നിലയിലെ മേല്‍ക്കൂരയും ഭിത്തിയും തകർന്നു.
കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും മുറിച്ചുമാറ്റാതിരുന്ന മരമാണ് പിഴുത് വീണത്. വിവരം സ്ഥലം ഉടമയെ അറിയിച്ചെങ്കിലും മരം മുറിച്ചു മാറ്റില്ലെന്നും നഷ്ടപരിഹാരം തരില്ലെന്നും അറിയിച്ചതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതോടെ ജില്ലാകളക്ടർ മരം മുറിച്ചുമാറ്റാൻ വീണ്ടും ഉത്തരവിടുകയായിരുന്നു.
18,000 രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് മരം മുറിച്ചുമാറ്റിയതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുരുകന്റെ വീടിന് നാലുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ട്. വിഷയത്തില്‍ ബുധനാഴ്ച പഞ്ചായത്ത് കമ്മിറ്റി ചേർന്ന് അടിയന്തര നടപടി സ്വീകരിക്കും.
മരം നില്ക്കുന്ന സ്ഥലം സംബന്ധിച്ച് പഞ്ചായത്തും സ്ഥലം ഉടമയും തമ്മില്‍ നിലവില്‍ കേസുണ്ട്. തോട്ട്പുറമ്ബോക്കാണെന്നാണ് പഞ്ചായത്ത് പറയുന്നത്. എന്നാല്‍, സ്ഥലം വിട്ടു കൊടുക്കാൻ ഉടമയും തയ്യാറല്ല. ഇത് സംബന്ധിച്ച് വർഷങ്ങളായി കേസ് നിലനില്‍ക്കുന്നുണ്ട്.
കേസ് പഞ്ചായത്തിന് അനുകൂലമായാല്‍ നഷ്ടപരിഹാരം പഞ്ചായത്ത് നല്‍കണം. അല്ലെങ്കില്‍ സ്ഥലം ഉടമ നല്‍കണം. നഷ്ട പരിഹാരം നല്കാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് സ്ഥലം ഉടമ. മുൻപ് കളക്ടറുടെ ഉത്തരവ് പ്രകാരം മരം മുറിച്ചു മാറ്റാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരേയും സ്ഥലം ഉടമ കേസ് നല്‍കിയിരുന്നതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.