മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.
അസമിലെ തമുല്‍പൂർ കമലകാന്തയുടെ മകൻ ഹിതേഷ് ശരണിയ (46), ഗോയല്‍പുര സൊബറുദ്ദീന്റെ മകൻ സമദ് അലി(20), ബിഹാർ സ്വദേശിയും സംസ്കരണ കമ്ബനിയിലെ മെക്കാനിക്കുമായ രാംദയാല്‍ കപൂറിന്റെ മകൻ വികാസ് കുമാർ (29) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ അരീക്കോടിനടുത്ത് വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലെ കെമിക്കല്‍ ടാങ്കിലാണ് അപകടമുണ്ടായത്.
അനുഗ്രഹ ഹാച്ചറി പൗള്‍ട്രി ഫാം റെൻഡറി യൂണിറ്റിന്റെ പ്ലാന്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. രാവിലെ തൊഴിലാളികളെ ഫോണില്‍ മാനേജർ വിളിച്ചപ്പോള്‍ പ്രതികരിക്കാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മാലിന്യപ്ലാന്റ് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസം നേരിട്ട് പ്ലാന്റിനുള്ളില്‍ ബോധരഹിതനായി വീണതോടെ രക്ഷിക്കാനായി മറ്റുരണ്ടുപേർ ഇറങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉടൻതന്നെ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.