കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ ലേലത്തിനൊപ്പം പൊതുലേലവും നടത്താനൊരുങ്ങി എക്സൈസ് വകുപ്പ്

അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ വാങ്ങാൻ ആളുകള്‍ കുറവായതോടെ വാഹനങ്ങളുടെ ഓണ്‍ലൈൻ ലേലത്തിനൊപ്പം പൊതുലേലവും നടത്താനൊരുങ്ങി എക്സൈസ് വകുപ്പ്.
കേന്ദ്രസർക്കാരിനുകീഴിലുള്ള മെറ്റല്‍ സ്ക്രാപ് ട്രേഡ് കോർപറേഷൻ വഴി ഇ-ലേലത്തില്‍ വിറ്റുപോകാത്ത വാഹനങ്ങളാണ് പൊതുലേലത്തില്‍ വെക്കുക. വാഹനങ്ങള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് നടപടി. കേസുകളില്‍ പിടിച്ച വാഹനങ്ങളായതിനാല്‍ മറ്റ് ലേലങ്ങളെ അപേക്ഷിച്ച് ആളുകള്‍ പങ്കെടുക്കുന്നതിലും കുറവുണ്ട്. അതത് എക്സൈസ് കമ്മിഷണർമാരുടെ മേല്‍നോട്ടത്തിലാവും പൊതുലേലം. ലേലത്തിന് 15 ദിവസംമുമ്ബ് വകുപ്പിന്റെ വെബ്സൈറ്റിലും എക്സൈസ്-വില്ലേജ്-പിഡബ്ള്യുഡി ഓഫീസുകളിലും കളക്ടറേറ്റിലും നോട്ടീസ് പതിക്കും. മൂന്ന് പത്രത്തിലെങ്കിലും പരസ്യവും നല്‍കണം.
ആഡംബര വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അടക്കം നിരവധി വാഹനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. NDPS കേസുകളിൽ കോടതി അനുമതി നൽകിയ വാഹനങ്ങളായിരിക്കും ലേലത്തിൽ വയ്ക്കുക.ഓൺലൈനായി നടത്തി വന്നിരുന്ന ലേലത്തിൽ അധികം ആളുകൾ പങ്കെടുക്കാത്തതിനെ തുടർന്നാണ് കോടതി നിർദ്ദേശത്തോടെ ഓഫ് ലൈനായി 14 ജില്ലാ ആസ്ഥാനങ്ങളിൽ ലേലം നടത്താൻ ഒരുങ്ങുന്നത്. കേന്ദ്രസർക്കാർ വെബ്സൈറ്റായ MSTC വഴി നടത്തി വന്നിരുന്ന ലേലത്തിൽ പങ്കെടുക്കണമെങ്കിൽ റജിസ്ട്രേഷൻ ഫീസായി 10,000 രൂപയും ജിഎസ്ടിയും നൽകണം. ഇതുമൂലം സാധാരണക്കാർ പങ്കെടുക്കുന്നില്ലെന്നും വാഹനങ്ങൾക്ക് വിപണി വില ലഭിച്ചിരുന്നില്ലെന്നും വളരെ കുറച്ച് വാഹനങ്ങൾ മാത്രമാണ് വിൽക്കുന്നതെന്നുമാണ് എക്സൈസ് വകുപ്പ് പറയുന്നത്.
ജനുവരിയിലെ കണക്കുപ്രകാരം അബ്കാരി കേസുകളിലെ 5,115 വാഹനങ്ങളും NDPS കേസുകളിലെ 3,247 വാഹനങ്ങളുമാണ് ഒഴിവാക്കാനുള്ളത്. ഇതില്‍ എംഎസ്ടിസി വഴി രണ്ടുതവണ ലേലംനടത്തിയിട്ടും പോകാത്ത, അബ്കാരിക്കേസുകളിലെ 904 വാഹനങ്ങളും എൻഡിപിഎസ് കേസുകളിലെ 477 വാഹനങ്ങളുമാണ് ആദ്യഘട്ടത്തില്‍ പൊതുലേലത്തില്‍ വെക്കുക. ഓഗസ്റ്റ് 11 മുതല്‍ 21 വരെ ഓരോ ജില്ലയിലും പൊതുലേലം നടത്തും.
ബ്രോക്കർമാരും ഏജന്റുമാരുമാണ് കൂടുതലും ഇ-ലേലത്തില്‍ പങ്കെടുക്കുന്നത് എന്നതിനാല്‍, വാഹനങ്ങള്‍ക്ക് വിപണിവില ലഭിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഓൺലൈൻ ലേലത്തിന് പകരം പൊതുലേലം നടത്താനുള്ള ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങുമെന്നും ആദ്യലേലം ഒരുമാസത്തിനുള്ളിൽ ഉണ്ടാകുമെന്നുമാണ് എക്സൈസ് വകുപ്പ് അറിയിക്കുന്നത്. എക്സൈസ് കമ്മിഷണർ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, ധനവകുപ്പ് പ്രതിനിധി, നികുതി ജോയിന്റ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സമിതിയാണ് ലേലനടപടികൾ നിയന്ത്രിക്കുക. ജില്ല ആസ്ഥാനങ്ങളിൽ ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിൽ ആയിരിക്കും ലേല നടപടികൾ നടക്കുക. ടൊയോട്ട ഇന്നോവ, മഹീന്ദ്ര ഥാർ തുടങ്ങി റജിസ്റ്റർ പോലും ചെയ്യാത്ത നിരവധി വാഹനങ്ങള്‍ ലേലത്തിലുണ്ട്.