എഐ ക്യാമറകള് ജനങ്ങളെ കുത്തിപ്പിഴിയാന്; പരിഷ്കാരം മാറ്റിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്
മോട്ടോര് വാഹന വകുപ്പിന്റെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ക്യാമറകള് നാളെ മുതല് പ്രവര്ത്തനം ആരംഭിക്കാനിരിക്കെ രൂക്ഷ വിമര്ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവല്ക്കരണം നടത്താതെ മുക്കിലും മൂലയിലും അനേകം ക്യാമറകള് സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന് നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരം സര്ക്കാര് മാറ്റിവെക്കണമെന്ന് സുധാകരന് പറഞ്ഞു. കളമെഴുത്തുപോലെ റോഡുകളില് വരച്ചുവച്ചിരിക്കുന്ന കോലങ്ങള്, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്ക്കിടയില് വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്ക്കുകയാണ്.
അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹന ഉടമകളെ കുഴിയില്ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്ക്കാരിനുള്ളതെന്നും സുധാകരന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന് കോടികള് മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നതിലൊരു പങ്ക് ട്രാഫിക് ബോധവല്ക്കരണത്തിനു അടിയന്തരമായി മാറ്റിവയ്ക്കുകയാണ് ചെയ്യേണ്ടത്. എഐ ക്യാമറകള് വഴി ആയിരം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
ഈ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില് വണ്ടിയെടുത്തു പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്ക്കേണ്ടി വരും. ജനരോഷത്തിനു മുന്നില് സര്ക്കാരിനു തന്നെ പദ്ധതിയില്നിന്ന് പിന്മാറേണ്ടി വരും. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞു നില്ക്കുന്ന സാധാരണക്കാരന് ഈ പീഡനം സഹിക്കാവുന്നതിലപ്പുറമാണ്.